build

പത്തനംതിട്ട: പ്ളാനിംഗ് നടത്തേണ്ടവരുടെ പ്ലാൻ തെറ്റിയാൽ എന്താകും സ്ഥിതി ?. അതറിയണമെങ്കിൽ കളക്ടറേറ്റ് വളപ്പിലേക്ക് വരണം. പല ഭാഗത്തായി ഇടുങ്ങിയ മുറികളിൽ പ്രവർത്തിക്കുന്ന ജില്ലാ പ്ളാനിംഗ് ഒാഫീസിന് സ്വന്തമായി കെട്ടിടം നിർമാണം പൂർത്തിയാകാറായപ്പോൾ പണികൾ നിലച്ചു. അഞ്ചു വർഷം മുമ്പാണ് കെട്ടിടനിർമ്മാണം ആരംഭിച്ചത്. നിർമാണച്ചുമതലയുള്ള പൊതുമരാമത്ത് കെട്ടിടം വിഭാഗം, പ്ളാനിംഗ് ഒാഫീസ് അറിയാതെ കെട്ടിടം പ്ളാനിൽ മാറ്റം വരുത്തിയതാണ് കാരണം. മുകളിലെ നിലയിലെ കോൺഫറൻസ് ഹാളിന് റൂഫ് സ്ഥാപിക്കണമെന്ന പ്ളാനിലെ നിർദേശം നടപ്പായില്ല. ചില നിലകളിൽ ടൈൽ പാകിയില്ല. പ്രധാന ഒാഫീസിൽ നിന്ന് രണ്ടാം നിലയിലേക്കുള്ള സ്റ്റെയർകേസിൽ ഹാൻഡ് റെയിൽ ഘടിപ്പിക്കൽ, പാർക്കിംഗ് ഏരിയ തുടങ്ങിയ കാര്യങ്ങളിലും പ്ളാനിൽ പൊതുമരാമത്ത് വിഭാഗം മാറ്റം വരുത്തി. ഇതെല്ലാം ചൂണ്ടിക്കാട്ടി പൊതുമരാമത്തിനുള്ള അവസാന ബിൽ തുക പ്ളാനിംഗ് ഒാഫീസ് പാസാക്കിയില്ല.

പ്ളാൻ അനുസരിച്ച് നിർമാണം പൂർത്തിയാക്കാൻ നാല് കോടി രൂപ അധികം വേണ്ടിവരുമെന്ന് പൊതുമരാമത്ത് അറിയിച്ചു. 6.10 കോടി രൂപയായിരുന്നു പ്ളാൻ പ്രകാരമുള്ള നിർമാണച്ചെലവ്.

പണികളുടെ അവസാന ബിൽ പ്ളാനിംഗ് വിഭാഗം ഒാഫീസ് തടഞ്ഞുവച്ചു. പണികളിൽ തങ്ങളറിയാതെ മാറ്റം വരുത്തിയ പൊതുമരാമത്തിനെതിരെ പ്ളാനിംഗ് ബോർഡ് ആസ്ഥാനത്തേക്ക് കത്തയച്ചു. നിർമാണ പ്രവർത്തനങ്ങൾ വിദഗ്ദ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു. ജില്ലാതല സമിതി രൂപീകരിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകിയാൽ മതിയെന്നായി പ്ളാനിംഗ് ബോർഡ്. ജില്ലാതല സമിതി അന്വേഷിച്ച് പൊതുമരാമത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി റിപ്പോർട്ട് തിരുവനന്തപുരത്തെ പ്ളാനിംഗ് ബോർഡ് ആസ്ഥാനത്തേക്ക് അയച്ചിട്ട് ഒന്നരമാസമായി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഫയലിൽ തീരുമാനമെടുക്കാൻ കഴിഞ്ഞിട്ടില്ല.

നിർമാണം 95ശതമാനവും പൂർത്തിയായി പെയിന്റ് ചെയ്ത നിലയിലാണ് കെട്ടിടം. വൈദ്യുതീകരണ ജോലികൾ മാത്രമാണ് ബാക്കിയുള്ളത്.

പ്ളാനിംഗ് ഒാഫീസ് അറിയാതെ കെട്ടിടത്തിന്റെ പ്ളാനിൽ മാറ്റം വരുത്തിയത് തർക്കത്തിന് കാരണം

പ്ളാനിംഗ് ഒാഫീസ് രണ്ടിടത്ത്