
ശബരിമല: അയ്യപ്പന്റെ പൂങ്കാവനം മാലിന്യരഹിതമാക്കാൻ ആരംഭിച്ച പുണ്യം പൂങ്കാവനം പദ്ധതി പത്താം വർഷത്തിലേക്ക് കടക്കുന്നു. ഒാരോ സീസൺ കഴിയുമ്പോഴും അവശേഷിക്കുന്ന മാലിന്യങ്ങൾ തീർത്ഥാടകർക്കും വനത്തിനും വന്യമൃഗങ്ങൾക്കും പമ്പാനദിക്കും ഭീഷണിയായതോടെ അന്നത്തെ ശബരിമല പൊലീസ് സ്പെഷ്യൽ ഒാഫീസർ പി. വിജയനാണ് ശുചീകരണം എന്ന ആശയവുമായി പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതി ഫലപ്രദമായി മാറിയതോടെ ഇന്ന് പ്ളാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ശബരിമലയിലെങ്ങുമില്ല. ഒപ്പം സന്നിധാനവും പരിസരപ്രദേശങ്ങളും മാലിന്യമുക്തമാവുകയും ചെയ്തു.
പൊലീസ്, ദേവസ്വം ബോർഡ്, ആരോഗ്യ വകുപ്പ്, ഫയർഫോഴ്‌സ്, എക്‌സൈസ് എന്നീ വകുപ്പുകളോടൊപ്പം അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം തുടങ്ങിയ സംഘടനകളും വിവിധ സ്കൂൾ, കോളേജ് വിദ്യാർത്ഥികളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നുണ്ട്. സന്നിധാനത്ത് തുടങ്ങിയ പുണ്യം പൂങ്കാവനം പദ്ധതി പമ്പ, നിലയ്ക്കൽ, വണ്ടിപ്പെരിയാർ, എരുമേലി ജുമാമസ്ജിദ്, എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രം എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു. പദ്ധതിക്കായി സന്നിധാനത്ത് പ്രത്യേകം ഓഫീസും ഇതിനുമാത്രമായി പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി വെബ്‌സൈറ്റും തുറന്നു.
ശബരിമല ദർശനത്തിനെത്തുന്ന ഭക്തർ അനുഷ്ഠിക്കേണ്ട സപ്തകർമ്മങ്ങൾ ഉൾപ്പെടുത്തി വിവിധ ഭാഷകളിലായി ഇറക്കിയ ലഘുലേഖകളുടെ വിതരണവും വ്യാപകമാക്കിയതോടെ പത്ത് വർഷത്തിനിടയിൽ പുണ്യം പൂങ്കാവനം പ്രവർത്തനങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അംഗീകാരങ്ങളും നേടിയെടുക്കാൻ കഴിഞ്ഞു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കിവരുന്ന പദ്ധതി ഒരു ദശാബ്ദത്തിലേക്ക് കടക്കുന്ന വേളയിൽ പുതിയ ചുവടുവയ്പ് ലക്ഷ്യമിട്ട് അന്നത്തെ സ്പെഷ്യൽ ഒാഫീസർ ഐ.ജി പി.വിജയൻ ഇന്നലെ ശബരിമലയിൽ എത്തി. അയ്യപ്പപൂജയ്ക്ക് ആവശ്യമായ പുഷ്പങ്ങൾ പൂങ്കാവനത്തിൽ നിന്ന് ലഭ്യമാക്കാൻ വിവിധയിനം ചെടികൾ നട്ടുവളർത്തുന്ന പദ്ധതിക്ക് ഇന്നലെ തുടക്കമിട്ടു.
പ്ളാസ്റ്റിക് പടിക്ക് പുറത്ത്
തീർത്ഥാടകർ കാട്ടിനുള്ളിലേക്ക് വലിച്ചെറിയുന്ന പ്ളാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളായിരുന്നു പരിസ്ഥിതിക്ക് ഏറെ കോട്ടം സൃഷ്ടിച്ചിരുന്നത്. ഇവ ഭക്ഷിച്ച് കാട്ടുമൃഗങ്ങൾ ചത്തുപോകുന്നത് തീർത്ഥാടനത്തിന് കളങ്കമായി മാറി. കുപ്പിവെള്ളത്തിന്റെ നിരോധനത്തോടെ വലിയൊരളവ് വരെ പ്ളാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാൻ സാധിച്ചു. ഇരുമുടിക്കെട്ടിലും മറ്റുമായി കൊണ്ടുവരുന്ന പ്ളാസ്റ്റിക്കിന്റെ അളവും വിവിധ സംസ്ഥാനങ്ങളിൽ തീർത്ഥാടകർക്കിടയിലായി നടത്തിയ ബോധവൽക്കരണത്തോടെ കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.