പത്തനംതിട്ട: ദേശീയ കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷകസമിതി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഏകദിന സത്യഗ്രഹം നടക്കും. തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകിട്ട് ഏഴുവരെ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനിയിലാണ് സത്യഗ്രഹം. സംസ്ഥാനവ്യാപകമായി നടക്കുന്ന പരിപാടിയുടെ ഭാഗമാണിത്. മാത്യു ടി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സർക്കാർ പാസാക്കിയ കർഷകദ്രോഹബില്ലുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ചയായി നടക്കുന്ന കർഷക പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമം നടക്കുന്ന സാഹചര്യത്തിലാണ് കേരളത്തിൽ വിവിധ കർഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ സമരം ആരംഭിച്ചിട്ടുള്ളത്. സർക്കാർ നിയന്ത്രണം ഒഴിവാക്കി കോർപ്പറേറ്റുകൾക്ക് സ്വതന്ത്ര വ്യാപാരവും കരാർ കൃഷിയും നടത്താൻ സൗകര്യമൊരുക്കുന്നതാണ് പുതിയ നിയമം. കാർഷികോൽപന്നങ്ങൾക്ക് കുറഞ്ഞ താങ്ങുവില, സർക്കാർ ചുമതലയിൽ സംഭരണം എന്നിവ വ്യവസ്ഥ ചെയ്തിട്ടില്ല. സത്യഗ്രഹത്തിൽ കേരള കർഷകസംഘം, കിസാൻ സഭ, കിസാൻ ജനത, നാഷണലിസ്റ്റ് കർഷക കോൺഗ്രസ്, കർഷക യൂണിയൻ, കർഷക കോൺഗ്രസ് (എസ് ) തുടങ്ങിയ സംഘടനകൾ പങ്കെടുക്കും. സമരം വിജയിപ്പിക്കണമെന്ന് സംയുക്ത കർഷകസമിതി ജില്ലാ പ്രസിഡന്റ് എ.പി ജയനും സെക്രട്ടറി അഡ്വ.ഓമല്ലൂർ ശങ്കരനും അഭ്യർത്ഥിച്ചു.