
അടൂർ : സമ്പർക്കമറിയാത്ത കൊവിഡ് വ്യാപനം രൂക്ഷമായതോടെ പന്നിവിഴയിലും മൂന്നാളത്തും കൊവിഡ് പരിശോധന ക്യാമ്പ് നടത്തുന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് ആന്റിജൻ പരിശോധന. കൂടുതൽ രോഗവ്യാപനമുള്ള മൂന്നാളം സീഡ്ഫാം പ്രദേശം, പന്നിവിഴ ഉൗട്ടിമുക്ക്, കരുവാറ്റ പ്രദേശങ്ങളിലുള്ളവർക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. പന്നിവിഴ 303-ാം നമ്പർ എസ്. എൻ. ഡി. പി ശാഖയിൽ ഇന്ന് രാവിലെ 10 മുതൽ 1 മണിവരെയും ചൊവ്വാഴ്ച രാവിലെ 10 മുതൽ 1 വരെ മൂന്നാളം ഗവ. എൽ. പി സ്കൂളിലും സൗജന്യ പരിശോധന നടക്കും. പനിയോ, മറ്റ് ലക്ഷണങ്ങളോ ഉള്ളവരെ ക്യാമ്പുകളിൽ എത്തിക്കുന്നതിനാവശ്യമായ നിർദ്ദേശം സി. ഡി. എസ്, എ. ഡി. എസ്, കുടുംബശ്രീ അംഗങ്ങൾക്ക് നൽകി കഴിഞ്ഞു. സംശയമുള്ളവർക്കും കൊവിഡ് പരിശോധന നടത്തുന്നതിന് അവസരം ഒരുക്കിയിട്ടുണ്ട്. ഇൗ മേഖലകളിൽ രോഗം ബാധിച്ചവരുടെ എണ്ണം ഒാരോ ദിവസം കഴിയുന്തോറും വർദ്ധിക്കുകയാണ്. ഇന്നലെ നടത്തിയ പരിശോധനയിൽ 40 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ രോഗബാധിതരുടെ എണ്ണം 153 പിന്നിട്ടു. പള്ളിക്കൽ പഞ്ചായത്തിലെ അമ്മകണ്ടകര, പാറക്കൂട്ടം, മിത്രപുരം എന്നിവിടങ്ങളിലും അടൂർ നഗരസഭയിലെ പന്നിവിഴ, ആനന്ദപള്ളി, പറക്കോട്, മൂന്നാളം എന്നിവിടങ്ങളിലുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.