
പത്തനംതിട്ട : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 16 ന് നടക്കുന്ന വോട്ടണ്ണലിന് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ അറിയിച്ചു. ജില്ലയിലെ 12 വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കും ശക്തമായ സുരക്ഷയുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. വോട്ടെണ്ണൽ നടപടിക്രമങ്ങൾ പൂർത്തിയാകും വരെ കനത്ത ജാഗ്രത പുലർത്തും. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പാക്കും.
ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങൾ നിയന്ത്രിക്കും. സ്ഥാനാർത്ഥികൾക്കും പ്രമുഖ നേതാക്കൾ തങ്ങുന്ന ഇടങ്ങളിലും സുരക്ഷ ഉറപ്പുവരുത്തും. അക്രമങ്ങൾ ഉണ്ടാകാതെ നോക്കുന്നതിന് എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും കർശന നിർദേശം നൽകി. ആഹ്ലാദപ്രകടനങ്ങൾ കൊവിഡ് പ്രോട്ടോകോൾ പ്രകാരം നടക്കുന്ന കാര്യത്തിൽ കർശന ശ്രദ്ധ പുലർത്തുന്നതിനും നിർദേശം നൽകിയിട്ടുണ്ട്.
ജില്ലയിൽ മുനിസിപ്പൽ തലത്തിൽ നാലു വോട്ടെണ്ണൽ കേന്ദ്രങ്ങളും, ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ എട്ടു കേന്ദ്രങ്ങളുമാണുള്ളത്. മുനിസിപ്പൽ കേന്ദ്രങ്ങളുടെ ചുമതല ഡിവൈ.എസ്.പിമാർക്കും ബ്ലോക്ക് തലത്തിലുള്ളവയുടേത് പൊലീസ് ഇൻസ്‌പെക്ടർമാർക്കുമാണ്. കർശന പരിശോധനയ്ക്കു ശേഷമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ബോംബ് ഡിറ്റെക്ഷൻ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ശക്തമായ പരിശോധനയ്ക്കും സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ട നടപടികൾക്കായി എ.ആർ ക്യാമ്പ് അസിസ്റ്റൻഡ് കമൻഡന്റിനെ ചുമതലപ്പെടുത്തി.
വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക്
അനധികൃതമായി ആരെയും കടത്തിവിടില്ല. അനുവദിക്കപ്പെട്ടവർ നിർബന്ധമായും തിരിച്ചറിയൽ രേഖ കൈയിൽ കരുതണം. മെറ്റൽ ഡിറ്റക്ടർ വഴിയുള്ള പരിശോധനയ്ക്കു ശേഷം മാത്രമായിരിക്കും പ്രവേശനം. ആവശ്യത്തിന് വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിക്കും. മൊബൈൽ ഫോണുകൾ, ഐ പാഡ്, ലാപ്‌ടോപ് എന്നിവ അനുവദിക്കില്ല. ഒരുതരത്തിലുള്ള റെക്കോർഡിംഗും അനുവദനീയമല്ല. പരിശോധനയിൽ കണ്ടെത്തുന്ന അനുവദനീയം അല്ലാത്ത സാധനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കൗണ്ടർ സജ്ജീകരിച്ചിട്ടുണ്ട്.
ആറു മണിക്കുശേഷം നിയന്ത്രണം
പ്രകടനങ്ങൾ വീഡിയോയിൽ പകർത്തുന്നതിനും,
ആറു മണിക്കുശേഷം നിയന്ത്രണം ഏർപ്പെടുത്തുന്നതിനും നിർദേശം നൽകിയിട്ടുണ്ട്. അനാവശ്യ കൂടിച്ചേരലുകളും ആൾക്കൂട്ടവും കൊവിഡ് പശ്ചാത്തലത്തിൽ അനുവദിക്കില്ല. ബൈക്ക് പട്രോളിംഗ് ഉൾപ്പെടെയുള്ള പൊലീസ് പട്രോൾ സംഘങ്ങളെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും നിയോഗിച്ചു. ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും രണ്ടുവീതം പട്രോളിംഗ് സംഘങ്ങളുണ്ടാവും.
ജില്ലാപൊലീസ് ആസ്ഥാനത്ത് വോട്ടെണ്ണൽ കൺട്രോൾ റൂം മുഴുവൻ സമയവും പ്രവർത്തനസജ്ജമാണ്. വിവരങ്ങൾ ശേഖരിച്ച് തലസ്ഥാനത്തെ ഇലക്ഷൻ കൺട്രോൾ റൂമിൽ അറിയിക്കും. ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെ ഫോൺ നമ്പർ 04682222927.
വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കുള്ളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തമ്മിൽ അനാവശ്യ തർക്കങ്ങൾ ഉണ്ടാകാതെ സമാധാനം ഉറപ്പാക്കണം.
കൊവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾ അനുവദിക്കില്ല.
കെ.ജി.സൈമൺ
ജില്ലാപൊലീസ് മേധാവി