
ചെങ്ങന്നൂർ: സരസകവി മൂലൂർ എസ്.പത്മനാഭപ്പണിക്കർക്ക് ജന്മനാടായ ചെങ്ങന്നൂരിൽ സ്മാരകം നിർമിക്കുന്നു. സാംസ്‌കാരിക വകുപ്പ് ചെങ്ങന്നൂർ ഗവ.ഐ.ടി.ഐയുടെ സ്ഥലത്ത് നിർമിക്കുന്ന സാംസ്‌കാരിക സമുച്ചയത്തിലാണ് സ്മാരകം ഒരുക്കുന്നത്.
അനിൽ പി.ശ്രീരംഗം ചെയർമാനും സുനിൽ വള്ളിയിൽ കൺവീനറുമായുള്ള എസ്.എൻ.ഡി.പിയോഗം ചെങ്ങന്നൂർ യൂണിയൻ മുൻ അഡ്മിനിസ്‌ട്രേട്രേറ്റീവ് കമ്മിറ്റി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സ്മാരക നിർമ്മാണത്തിന് അനുമതിയായത്.
ചെങ്ങന്നൂരിലെ വിവിധ സാമൂഹിക സാംസ്‌കാരിക കലാ സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച് പ്രശസ്തരായി മൺമറഞ്ഞു പോയ ഗുരു ചെങ്ങന്നൂർ രാമൻപിള്ള, പുത്തൻകാവ് കൊച്ചു തിരുമേനി (മാർ പീലക്‌സിനോസ് ), ശുഭാനന്ദ ഗുരുദേവൻ, മഹാകവി പുത്തൻകാവ് മാത്തൻ തരകൻ, ആർ . ശങ്കരനാരായണൻ തമ്പി, കെ.സി .ജോർജ്, പി.കെ.കഞ്ഞച്ചൻ , പി.എം.ജോസഫ് ,പോത്തൻ ജോസഫ് ,മങ്കൊമ്പ് ശിവശങ്കരപിള്ള ,ബാരിസ്റ്റർ ജോർജ് ജോസഫ്, ആചാര്യ നരേന്ദ്രഭൂഷൺ എന്നിവരുടെ സ്മരണകൾ നിലനിറുത്തുന്നതിനും സ്മാരക സമുച്ചയത്തിൽ ഇടമൊരുക്കിയിട്ടുണ്ട്.
2018 ലെ സംസ്ഥാന ബഡ്ജറ്റിൽ സമുച്ചയത്തിനായി ഏഴ് കോടിരൂപ വകയിരുത്തിയിരുന്നു .
മലയാളമാസം 1044 കുംഭം 27 ശിവരാത്രി നാളിൽ ശങ്കരൻ വൈദ്യന്റെയും വെളുത്ത കുഞ്ഞമ്മയുടെയും മകനായി ചെങ്ങന്നൂർ ഇടനാട്ടിലെ പുരാതന ഈഴവ കുടുംബമായ മൂലൂർ ഭവനത്തിലാണ് മൂലൂർ എസ്.പത്മനാഭപ്പണിക്കർ ജനിച്ചത്. ശ്രീനാരായണഗുരുദേവൻ പല പ്രാവിശ്യം ഇടനാട്ടിലെ മൂലൂർ വീട് സന്ദർശിച്ചിട്ടുണ്ട്. ശ്രീനാരായണഗുരുവിന്റെ ഗൃഹസ്ഥ ശിഷ്യനായിരുന്നു. കേരളവർമ വലിയകോയിത്തമ്പുരാൻ പദ്മനാഭപ്പണിക്കർക്ക് 'സരസകവി ' എന്ന സ്ഥാനപ്പേര് നൽകി.
ജാതിയതയ്ക്കെതിരേ നടത്തിയ കലാപമായിരുന്നു മൂലൂരിന്റെ സാഹിത്യ ജീവിതം. സ്വാതന്ത്ര്യ സമര സേനാനി, കവി, ശ്രീമൂലം പ്രജാ സഭാംഗം ,സാമൂഹിക പരിഷ്‌കർത്താവ് എന്നീ നിലകളിലെല്ലാം അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചു.