ballot-paper

പത്തനംതിട്ട: കൊവിഡ് പോസിറ്റീവായവരുടെയും ക്വാറന്റൈനീലുള്ളവരുടെയും തപാൽ വോട്ട് തേടി രാഷ്ട്രീയ പ്രവർത്തകർ വീടുകൾ കയറുന്നു. വോട്ട് കൈക്കാലാക്കാൻ പാർട്ടികൾ തമ്മിൽ മത്സരമേറി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നതായും ആക്ഷേപമുണ്ട്.
കൊവിഡ് പ്രത്യേക ബാലറ്റിന് അർഹതയുള്ളവർക്ക് നേരിട്ട് വീടുകളിൽ എത്തിക്കാൻ കഴിയാതിരുന്ന ബാലറ്റ് പേപ്പറുകൾ തപാലിലൂടെയാണ് അയയ്ക്കുന്നത്. വോട്ടറുടെ വീടുകളിലെത്തി തങ്ങൾക്ക് വോട്ടു ചെയ്യിപ്പിച്ച് ബാലറ്റു പേപ്പറുകൾ തിരികെ വാങ്ങി പോളിംഗ് ഒാഫീസറെ ഏൽപ്പിക്കാനാണ് പാർട്ടികളുട നെട്ടോട്ടം.
തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശ പ്രകാരം നവംബർ 29 മുതൽ കഴിഞ്ഞ ഏഴിന് ഉച്ചകഴിഞ്ഞ് മൂന്നുവരെ കൊവിഡ് പോസിറ്റീവായവർ, നിരീക്ഷണത്തിലായവർ എന്നിവർക്കാണ് പ്രത്യേക ബാലറ്റിന് അർഹതയുണ്ടായിരുന്നത്. ഇവർക്കുള്ള ബാലറ്റ് വീടുകളിലും നിരീക്ഷണ കേന്ദ്രങ്ങളിലും എത്തിച്ച് വോട്ടു ചെയ്യിപ്പിച്ചു തിരികെ വാങ്ങണമെന്ന നിർദേശമാണ് ആദ്യം നൽകിയത്. ഇതിനായി പോൾ ഓഫീസർമാർ അടക്കം പ്രത്യേക സ്‌ക്വാഡിനെ നിയമിക്കുകയും ചെയ്തിരുന്നു. വോട്ടവകാശം ഉള്ളവരെ കണ്ടെത്തേണ്ട ചുമതല തദ്ദേശസ്ഥാപനങ്ങൾക്കായരുന്നു. പട്ടിക തയാറാക്കുന്നത് വൈകിയതോടെയാണ് ജീവനക്കാർ സ്‌ക്വാഡ് പ്രവർത്തനം അവസാനിപ്പിച്ച് വോട്ടെടുപ്പിനുശേഷം തപാലിൽ ബാലറ്റ് അയച്ചു തുടങ്ങിയത്.
ആരോഗ്യവകുപ്പ് നൽകിയ പട്ടിക പ്രകാരം ജില്ലയിൽ 5364 പേർക്കാണ് പ്രത്യേക ബാലറ്റ് സൗകര്യം അനുവദിച്ചത്. ഇതിൽ 3289 പ്രത്യേക തപാൽ ബാലറ്റ് പോളിംഗ് ഒാഫീസർമാർ നേരിട്ടും 2075 ബാലറ്റുകൾ തപാലിലൂടെയും കൈമാറിയതായാണ് പറയുന്നത്. 2935 പ്രത്യേക തപാൽ ബാലറ്റുകളാണ് ശനിയാഴ്ചവരെ തിരികെ ലഭിച്ചിട്ടുള്ളത്. തപാൽ ബാലറ്റുകളുടെ വിതരണം കഴിഞ്ഞദിവസം വരെയുണ്ടായിരുന്നു. അവധി ദിനമായിരുന്നിട്ടും ഇന്നലെയും തപാൽ ഓഫീസുകൾ തുറന്ന് ബാലറ്റ് വിതരണത്തിനും തിരികെ അയയ്ക്കുന്നതിനുമുള്ള ക്രമീകരണം ചെയ്തിരുന്നു. പോൾ ചെയ്യുന്ന തപാൽ വോട്ടുകൾ വോട്ടെണ്ണൽദിനമായ 16നു രാവിലെ എട്ടുവരെ ബന്ധപ്പെട്ട വരണാധികാരിക്ക് നൽകാനാകും.