online

പത്തനംതിട്ട : കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് തദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് നൽകുന്ന പരിശീലനം ഇത്തവണ ഓൺലൈനിൽ. മുമ്പ് തൃശ്ശൂർ കില (കേരള ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ ) യുടെ ആസ്ഥാനത്ത് എത്തിയായിരുന്നു പരിശീലനത്തിൽ പങ്കെടുത്തിരുന്നത്.

നാളെ തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിന് ശേഷം സത്യപ്രതിജ്ഞയും സ്റ്റാൻ‌ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പും കഴിഞ്ഞശേഷമേ പരിശീലനം നൽകൂ. നാല് ദിവസമാകും പരിശീലനം.

പഞ്ചായത്ത് രാജ് നിയമം ഉൾപ്പെടെ ഭരണപ്രധാന കാര്യങ്ങൾ ജനപ്രതിനിധികളെ പഠിപ്പിക്കും. കിലയുടെ നേതൃത്വത്തിൽ അതാത് തദ്ദേശ സ്ഥാപനങ്ങളിലാണ് ഓൺലൈൻ ക്ലാസുകൾ നടക്കുക. ഇതിനായി പഞ്ചായത്ത് തലത്തിൽ രണ്ട് പേർക്ക് പരിശീലനം നൽകി. നിലവിൽ 53 ഗ്രാമ പഞ്ചായത്തിൽ നിന്നും 4 മുനിസിപ്പാലിറ്റിയിൽ നിന്നും ആയി 57 പേർ പരിശീലനത്തിൽ പങ്കെടുത്തു. 8 ബ്ലോക്ക് പരിശീലകർക്കായും ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചു. അതാത് പഞ്ചായത്തുകളിലെ കിലയുടെ റിസോഴ്‌സ് പേഴ്‌സൺമാരാണ് പരിശീലകർ.

"മുൻകാലങ്ങളിൽ കിലയുടെ കേന്ദ്ര ഓഫിസിലെ കാമ്പസിൽ പലപ്പോഴായിട്ടാണ് ജനപ്രതിനിധികൾക്ക് പരിശീലനം നൽകിയിരുന്നത്. ഇത്തവണ കൊവിഡ് നിയന്ത്രണം മുൻനിറുത്തി ഇത് സാദ്ധ്യമല്ലാത്തതിനാൽ അതാത് തദ്ദേശ സ്ഥാപനങ്ങളിൽവച്ച് സമഗ്രമായി ഒരേ ദിവസങ്ങളിൽ എല്ലായിടത്തും നടത്താനാണ് തീരുമാനം. ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ പരിശീലന ക്ലാസിൽ മന്ത്രിമാരും പങ്കെടുക്കും. "

എം.കെ വാസു

(കില ജില്ലാ കോർഡിനേറ്റർ )