ശബരിമല: തീർത്ഥാടനത്തിന് എത്തുന്ന ഭക്തർ ഇനി ഒട്ടനവധി അതീവ സുരക്ഷാ നിരീക്ഷണത്തിലേക്ക്. തിരക്ക് കുറഞ്ഞ കാനന പാതയിലെ വന്യജീവികളുടെ സാന്നിദ്ധ്യം മുതൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് വരെയുള്ള കാര്യങ്ങളെല്ലാം നിരീക്ഷണ കാമറകൾ ഒപ്പിയെടുക്കും. ഇതിനായി ചാലക്കയം മുതൽ പമ്പ വരെയും തുടർന്ന് കാനന പാതയിലുമായി 76 അത്യാധുനിക നിരീക്ഷണ കാമറകളാണ് പൊലീസ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന് പുറമേ ദേവസ്വം ബോർഡും വനം വകുപ്പും സ്ഥാപിച്ച കാമറകളുമുണ്ട്. ഇവയിൽ നിന്നുള്ള ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ പോയിന്റിലൂടെയും ഭക്തരെ കടത്തി വിടുന്നതിനുള്ള തീരുമാനം പൊലീസ് കൈക്കൊള്ളുന്നത്. തുടർന്ന് നടപ്പന്തലിലും സന്നിധാനത്തും എത്തുന്ന ഭക്തരെ കാമറാ ദൃശ്യങ്ങൾക്ക് പുറമേ പൊലീസ് നേരിട്ടും നിരീക്ഷണ വിധേയമാക്കും. സന്നിധാനത്തും പരിസരങ്ങളിലും തീർത്ഥാടകർ കൂട്ടം കൂടുന്നതും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും സി.സി.ടി.വി കാമറകൾ ഉപയോഗിക്കുന്നുണ്ട്.