അടൂർ : അടൂർ നഗരസഭയിൽ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എൽ. ഡി.എഫും യു. ഡി. എഫും. അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് എൻ. ഡി. എ. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് ആദ്യമായി നഗരസഭയിൽ ഭരണത്തിലെത്തിയ എൽ. ഡി. എഫ് ഭരണതുടർച്ച ഉണ്ടാകുമെന്ന് ഉറപ്പിച്ചുപറയുന്നു. .28 വാർഡുകളുള്ള നഗരസഭയിൽ 14 മുതൽ 18 വരെ സീറ്റുകളാണ് എൽ. ഡി. എഫ് പ്രതീക്ഷ. യു. ഡി. എഫിന് 17 മുതൽ 20 വരെയും. അതേസമയം നഗരഭയിലെ 7, 8, 10, 15, 24, 25 വാർഡുകളിൽ ജയിക്കാൻ കഴിയുമെന്ന് ബി. ജെ. പി നിയോജകമണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളി പറഞ്ഞു.എൽ. ഡി. എഫ് സർക്കാർ നടപ്പാക്കിയ ജനോപകാര പ്രദമായ പ്രവർത്തനങ്ങളും കഴിഞ്ഞ 20 വർഷം നഗരസഭ ഭരിച്ച കോൺഗ്രസിന് അടിസ്ഥാനപരമായ വികസം കൊണ്ടുവരാതിരുന്നതും, നഗരസഭാ കാര്യാലയം, സ്റ്റേഡിയം തുടങ്ങിയ പദ്ധതികൾ പ്രാവർത്തികമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ തങ്ങൾക്ക് കഴിഞ്ഞതും ഇടതിന് അനുകൂലമാകുമെന്ന് എൽ. ഡി. എഫ് നഗരസഭ കമ്മറ്റി ചെയർമാൻ പ്രൊഫ. ശങ്കരനാരായണൻ പറഞ്ഞു. അതേസമയം കഴിഞ്ഞ അഞ്ച് വർഷം അടിക്കടി നഗരസഭാ ചെയർമാൻമാരെ മാറ്റിയതല്ലാതെ യാതൊരു വികസന പ്രവർത്തനങ്ങളും നഗരസഭയിൽ നടത്താൻ കഴിഞ്ഞ ഭരണ സമിതിക്ക് കഴിഞ്ഞില്ലെന്നും അതിനെതിരായ വിധിയെഴുത്തായിരിക്കും തിരഞ്ഞെടുപ്പ് ഫലമെന്നും യു. ഡി. എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ പ്രൊഫ. ഡി. ഗോപിമോഹൻ പറഞ്ഞു. ഇരു മുന്നണികൾക്കും ചില വാർഡുകളിൽ റിബൽ സ്ഥാനാർത്ഥികൾ ഉയർത്തിയ ഭീഷണിയും നിർണായകമാകും. എൽ. ഡി. എഫിന് ഭരണം ലഭിച്ചാൽ സി. പി. എമ്മിൽ നിന്ന് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുക കെ. ജി. വാസുദേവൻ, എസ്. ഷാജഹാൻ എന്നിവരെയായിരിക്കും. കൂടുതൽ സീറ്റുകളിൽ വിജയിച്ച് സി. പി. ഐ മുന്നണിയിൽ മുന്നിലെത്തിയാൽ സി. പി. ഐ ജില്ലാ അസി. സെക്രട്ടറി ഡി. സജിയെയാവും പരിഗണിക്കുക. കോൺഗ്രസിൽ മുൻ ചെയർമാൻ ഉമ്മൻ തോമസ്, ഡി. സി. സി ജനറൽ സെക്രട്ടറി ഏഴംകുളം അജു, കോൺഗ്രസ് പറക്കോട് മണ്ഡലം പ്രസിഡന്റ് ഡി. ശശികുമാർ എന്നിവരുടെ പേരുകളാകും ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുക. മൂവരും എ ഗ്രൂപ്പിന്റെ വക്താക്കളാണ്.