 
പത്തനംതിട്ട: തദ്ദേശ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ അതിന്റെ ഇന്നത്തെ നടപടിക്രമങ്ങൾക്ക് പിന്നിൽ മലയാലപ്പുഴ പഞ്ചായത്തിലെ ഒരു മൂപ്പിളമത്തർക്കവും ഹൈക്കോടതി വരെ നീണ്ട ഒരു നിയമപോരാട്ടവും ഉണ്ട്. പ്രായത്തിൽ മുതിർന്ന അംഗം റിട്ടേണിംഗ് ഓഫീസർ മുൻപാകെ സത്യപ്രതിജ്ഞ ചെയ്യുകയും ആ അംഗത്തിന് മുമ്പാകെ മറ്റംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുകയുമാണ് നിലവിലുള്ള രീതി. 1995 വരെ ഇങ്ങനെ ആയിരുന്നില്ല. ഒന്നാം വാർഡിലെ അംഗം റിട്ടേണിംഗ് ഒാഫീസർ മുൻപാകെ സത്യപ്രതിജ്ഞ ചെയ്യുകയും, ആ അംഗത്തിന് മുന്നിൽ മറ്റംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു പതിവ്.1995ലെ തിരഞ്ഞെടുപ്പിൽ മലയാലപ്പുഴ പഞ്ചായത്തിൽ ഒന്ന് മുതൽ മൂന്ന് വരെ വാർഡുകൾ യു.ഡി.എഫും ബാക്കി ആറെണ്ണം എൽ.ഡി.എഫും ജയിച്ചു. ഒന്നാം വാർഡ് അംഗം ടി. പി. ഗോപകുമാർ റിട്ടേണിംഗ് ഒാഫീസർ മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു. രണ്ടും മൂന്നും വാർഡ് അംഗങ്ങൾ ടി.പി ഗോപകുമാറിന് മുൻപാകെയും സത്യപ്രതിജ്ഞ ചെയ്തു.
 
എന്നാൽ എൽ.ഡി.എഫ് അംഗങ്ങൾ ടി.പി ഗോപകുമാറിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യാൻ വിസമ്മതിച്ചു. അവർ റിട്ടേണിംഗ് ഒാഫീസർക്ക് മുന്നിൽ സത്യപ്രതിജ്ഞ ചൊല്ലി.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ജഗദമ്മ സാേമരാജൻ കൂടുതൽ വോട്ടു നേടി. നിയമപ്രകാരമല്ലാതെ സത്യപ്രതിജ്ഞ ചെയ്ത ജഗദമ്മ പ്രസിഡന്റ് ആകുന്നതിനെതിരെ ടി.പി. ഗോപകുമാറും യു.ഡി.എഫിന്റെ മലയാലപ്പുഴ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ജ്യോതിഷ്‌കുമാർ മലയാലപ്പുഴയും പത്തനംതിട്ട മുൻസിഫ് കോടതിയെ സമീപിച്ചു. കേസ് തളളിയപ്പോൾ ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചു. എന്തുകൊണ്ടാണ് ഒന്നാം വാർഡ് അംഗത്തിന് മുൻപാകെ സത്യപ്രതിജ്ഞ ചെയ്യാതിരുന്നതെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന്, അദ്ദേഹത്തിന് പക്വത ഇല്ലെന്നായിരുന്നു ജഗദമ്മയുടെ മറുപടി. കേസ് അഞ്ച് വർഷത്തോളം നീണ്ടു.
പഞ്ചായത്തിന്റെ കാലാവധി തീരാൻ 15 ദിവസം മാത്രം ശേഷിക്കെ, നിയമപ്രകാരം സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി നിർദ്ദേശം നൽകി. അതു പ്രകാരം സത്യവാചകം ചൊല്ലിക്കൊടുക്കാൻ ഒന്നാം വാർഡ് അംഗം ഗോപകുമാറിന് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകുകയും സത്യപ്രതിജ്ഞ നടക്കുകയും ചെയ്തു.
 
കീഴ്‌വഴക്കം പാലിച്ച് ഒന്നാം വാർഡംഗത്തിന് മുമ്പാകെ സത്യപ്രതിജ്ഞ നടത്തണമെന്നായിരുന്നു ഹൈക്കോടതി വിധി. തർക്കമുണ്ടെങ്കിൽ മുതിർന്ന അംഗത്തിന് മുമ്പാകെ സത്യപ്രതിജ്ഞ ആകാമെന്നും കോടതി നിർദ്ദേശിച്ചു. രണ്ടാമത്തെ നിർദ്ദേശം സ്വീകരിച്ച സർക്കാർ അതനുസരിച്ച് പഞ്ചായത്ത്‌രാജ് നിയമം ഭേദഗതി ചെയ്‌തു. പിന്നീടിങ്ങോട്ട് തദ്ദേശ തിരഞ്ഞെടുപ്പുകളിൽ പ്രായത്തിൽ മുതിർന്ന അംഗമാണ് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. 2000ലെ തിരഞ്ഞെടുപ്പിൽ മലയാലപ്പുഴ പഞ്ചായത്തിലെ അംഗങ്ങൾക്ക് സത്യവാചകം ചാെല്ലിക്കൊടുത്തത് പ്രായത്തിൽ മുതിർന്ന അംഗമായിരുന്ന മുൻ പ്രസിഡന്റ് ജഗദമ്മ സോമരാജനായിരുന്നുവെന്നത് മറ്റൊരു കൗതുകം.