
കോന്നി : ലോക്ക് ഡൗണിനെ തുടർന്ന് നാട്ടിൽ പോയ ബംഗാളി തൊഴിലാളികൾ മടങ്ങി എത്താത്തതിനെ തുടർന്ന്, അരനൂറ്റാണ്ട് പഴക്കമുള്ള ജില്ലയിലെ ഇഷ്ടിക നിർമ്മാണം പ്രതിസന്ധിയിലായി. കഴിഞ്ഞ 50 വർഷമായി പ്രവർത്തിക്കുന്ന അഞ്ച് ഇഷ്ടിക നിർമ്മാണ യൂണിറ്റുകൾ വള്ളിക്കോടുണ്ട്. 50 ബംഗാളി തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്.
ഇഷ്ടിക നിർമ്മാണത്തിന്റെ ആദ്യഘട്ടമായ മണ്ണെടുപ്പ് മുതൽ അരയ്ക്കൽ , വാർക്കൽ, ചൂളയിൽവച്ച് പാകപ്പെടുത്തൽ ഉൾപ്പടെ വിതരണം വരെ ചെയ്തിരുന്നത് ബംഗാളിൽ നിന്നുള്ള തൊഴിലാളികളായിരുന്നു. ലോക്ക് ഡൗൺ വന്നതോടെ മാർച്ച് അവസാനത്തോടെ നിർമ്മാണം നിലച്ചു. ജൂണിൽ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇഷ്ടിക പണി അറിയാവുന്ന തൊഴിലാളികളെ നാട്ടിൽ കിട്ടാനുമില്ല.
ഭായിമാർ വരും, പക്ഷേ
ഒരാൾക്ക് അൻപതിനായിരം രൂപയും വിമാനടിക്കറ്റും അയച്ചുനൽകിയാൽ മടങ്ങി എത്താമെന്ന് ഭായിമാർ ഉടമകളെ അറിയിച്ചിട്ടുണ്ട്. എന്നാൽ അതിന് കഴിയാത്ത അവസ്ഥയാണെന്ന് ചൂള ഉടമകൾ പറയുന്നു. വിമാനടിക്കറ്റും ക്വാറന്റൈൻ സൗകര്യവുമെല്ലാം ഒരുക്കി നൽകി ഇവരെ നാട്ടിൽ എത്തിച്ചാൽ വേറെ ജോലികൾ നോക്കി പോകുമോ എന്ന ആശങ്കയുമുണ്ട്.
ഒരു ചൂളയിൽ 50000 ഇഷ്ടിക
50000 ഇഷ്ടികയാണ് ഒരു തവണ ചൂളയിൽ വാർത്തെടുക്കുന്നത്. ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് സീസൺ. 50 വർഷമായി ഇഷ്ടിക നിർമ്മാണമുള്ളത് വള്ളിക്കോട്ട് മാത്രമാണ്. 2018 ലെ പ്രളയത്തിൽ ഇവർക്ക് വൻ നഷ്ടമുണ്ടായി. ഇപ്പോൾ ആറ് മാസമായി പണിയുമില്ല.