തിരുവല്ല: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കാനിരിക്കെ തിരുവല്ല നഗരസഭയിൽ മൂന്ന് മുന്നണികളും ശുഭപ്രതീക്ഷയിലാണ്. നഗരസഭയിലെ ആകെയുള്ള 39 വാർഡുകളിൽ 20 സീറ്റ് നേടിയാൽ മാത്രമേ ഭൂരിപക്ഷം ലഭിക്കൂ. സ്വതന്ത്രരും വിമതരുമെല്ലാം ഭീഷണിയാകുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
22 സീറ്റ് നേടും: യു.ഡി.എഫ്
പരമാവധി 22 സീറ്റുകൾവരെ നേടുമെന്നും യു.ഡി.എഫ് ഭരണം നിലനിറുത്തുമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.ജയകുമാർ പറഞ്ഞു. 13 സീറ്റുകൾ ഒറ്റയ്ക്ക് ലഭിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. വിട്ടുപോയവർക്ക് ഫലപ്രഖ്യാപനം വരുമ്പോൾ കനത്ത തിരിച്ചടി ഉണ്ടാകുമെന്നുമാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്. നഗരസഭാ അദ്ധ്യക്ഷസ്ഥാനം വനിതാ സംവരണമായതിനാൽ കൂടുതൽ തവണ വിജയിച്ച് കൗൺസിലായവരെയാണ് പരിഗണിക്കുക.ഏലിയാമ്മ തോമസ്,ബിന്ദു ജയകുമാർ,ഷീല വർഗീസ്,അനു ജോർജ്ജ് എന്നിവർക്കാണ് സാദ്ധ്യത.
25 വരെ സീറ്റുകൾ ലഭിക്കും: എൽ.ഡി.എഫ്
പുതിയ സാഹചര്യത്തിൽ നഗരസഭാ ഭരണം തിരിച്ചു പിടിക്കാമെന്നാണ് എൽ.ഡി.എഫ് നേതൃത്വത്തിന്റെ അവകാശവാദം. 15 സീറ്റുകൾ വരെ സി.പി.എം ഒറ്റയ്ക്ക് നേടുമെന്നും കേരള കോൺഗ്രസിന്റെയും മറ്റ് ഘടകകക്ഷികളുടെയും സീറ്റുകൾ കൂടിയാകുമ്പോൾ 22 മുതൽ 25 വാർഡുകളിൽ വരെ വിജയം നേടാനാകുമെന്നും എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കെ.പ്രകാശ്ബാബു പറഞ്ഞു. കൂടുതൽ തവണ വിജയിച്ചവരെ പരിഗണിച്ചാൽ ലിൻഡ തോമസ്,അരുന്ധതി രാജേഷ് എന്നിവരെയാകും പരിഗണിക്കുക. പുതുമുഖങ്ങളിൽ ഗ്രേസി പ്രകാശ് പരിഗണയിലുണ്ട്.
ഭരണത്തിൽ പങ്കാളിയാകും: എൻ.ഡി.എ
നഗരസഭയുടെ ഭരണത്തിൽ നിർണായക ശക്തിയാകുമെന്ന് എൻ.ഡി.എ നേതൃത്വം ഉറപ്പിക്കുന്നു. നിലവിലുള്ള നാലുസീറ്റുകളിൽ നിന്ന് എട്ട് മുതൽ 12 സീറ്റുവരെ വരെ നേടിയെടുക്കുമെന്നും ഭരണത്തിൽ പങ്കാളിത്തം ഉണ്ടാകുമെന്നും ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ പറഞ്ഞു.ഫലപ്രഖ്യാപനം വരുമ്പോൾ പാർട്ടിയുടെ തീരുമാനം അനുസരിച്ച് നിലപാട് സ്വീകരിക്കും. നഗരസഭയിൽ ആർക്കും ഭൂരിപക്ഷം കിട്ടില്ലെന്ന ഇന്റലിജൻസ് റിപ്പോർട്ടും എൻ.ഡി.എയുടെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു.