അടൂർ : അടൂർ കെ.എസ്.ആർ.ടി.സി പരിസരത്ത് തെരുവ് വിളക്കുകൾ പ്രകാശിക്കാതായിട്ട് നാളുകൾ. തെരുവു നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടം.
നഗരഹൃദയത്തിലെ ഈ അവസ്ഥ കാണാൻ ആരുമില്ലാത്ത സ്ഥിതിയാണ്. നഗരസഭ കൃത്യമായി തെരുവ് വിളക്ക് കത്തിക്കുന്നതിനുള്ള വൈദ്യുതി ചാർജ്ജ് നൽകാറുണ്ട്. എന്നാൽ കത്താത്ത വിളക്കുകൾ പ്രകാശിപ്പിക്കാൻ മാത്രം യാതൊരു നടപടിയുമില്ല.രാപകൽ വ്യത്യാസമില്ലാതെ കെ.എസ്.ആർ.ടി.സി ബസുകൾ വന്നുപോകുന്ന സ്റ്റാന്റായതിനാൽ ഏതുസമയം ഈ പ്രദേശത്ത് ആൾത്തിരക്കുണ്ട്. രാത്രിയായാൽ ബസുകൾ സ്റ്റാന്റിൽ പ്രവേശിക്കാതെ റോഡിൽ നിറുത്തിയാണ് യാത്രക്കാരെ കയറ്റി ഇറക്കുന്നത്. അതിനാൽ യാത്രക്കാർ ഇരുട്ടത്ത് വഴിയോരത്ത് കാത്തുനിൽക്കണം. സ്റ്റാന്റിന് മുന്നിലായി സ്ഥാപിച്ച ഹൈമാറ്റ്സ് ലൈറ്റ് പ്രകാശിക്കാതായിട്ട് മാസങ്ങളായി.
പരാതി പറയാൻ ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങളിൽ ജനപ്രതിനിധികളും ഇല്ല. നഗരസഭയ്ക്കാണ് ലൈറ്റുകൾ പ്രകാശിപ്പിക്കാനുള്ള ചുമതല. ഹൈമാറ്റ്സ് ലൈറ്റ് നന്നാക്കിയാലും ഒരാഴ്ചകം വീണ്ടും പഴയപടിയാകും. ഇതിന്റെ അറ്റകുറ്റപ്പണികൾക്കായി പ്രതിവർഷം ആയിരങ്ങൾ മുടക്കുന്നതൊഴിച്ചാൽ പ്രയോജനമില്ലാത്ത സ്ഥിതിയാണ്. നഗരസഭാ ഉദ്യോഗസ്ഥരും ഇതൊന്നും കണ്ടമട്ടില്ല. പരാതിപ്പെട്ട് നാട്ടുകാരും മടുത്തു. എം.സി റോഡും കെ.പി റോഡും സംഗമിച്ചുപോകുന്ന ഈഭാഗത്ത് ഏത് സമയവും വാഹനഗതാഗതവുമുണ്ട്.വാഹനങ്ങൾ കടന്നുപോകുമ്പോഴുള്ള പ്രകാശവും രാത്രി ഒൻപത് മണിവരെ സമീപത്തെ കടകളിൽനിന്നുള്ള വെളിച്ചവും മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. കടകൾ അടച്ചാൽ അതും ഇല്ലാതാകും. ഈ അവസ്ഥയ്ക്ക് എന്ന് പരിഹാരമാകുമെന്ന് ചോദിച്ചാൽ ഉത്തരം നൽകാൻ ആരും ഇല്ലാത്ത സ്ഥിതിയാണ്.
നഗരസഭ ഇക്കാര്യത്തിൽ കാട്ടുന്നത് തികഞ്ഞ അനാസ്ഥയാണ്. ആന്റോ ആന്റണി എം.പി യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് സ്ഥാപിച്ച ഹൈമാറ്റ്സ് ലൈറ്റിന്റെ തകരാർ പരിഹരിക്കുന്നതിനുപോലും ബന്ധപ്പെട്ടവർ തയാറാകാത്തത് അടൂർ നഗരത്തിലെത്തുന്ന ജനങ്ങളോട് കാട്ടുന്ന ക്രൂരതയാണ്. ഇക്കാര്യത്തിൽ അധികൃതർ അലംഭാവം വിട്ടൊഴിയണം.
അഡ്വ. ബിജു വർഗീസ്,
(ഡി.സി.സി ജനറൽ സെക്രട്ടറി)
സംസ്ഥാനത്ത് മറ്റൊരു കെ.എസ്.ആർ.ടി.സി സ്റ്റാന്റിന്റെ പരിസരവും ഇതുപോലെ ഇരുളടഞ്ഞു കാണില്ല. ഈ മേഖലയുടെ പ്രധാന്യം ഉൾക്കൊണ്ടെങ്കിലും പ്രവർത്തിക്കാൻ നഗരസഭാ അധികൃതർ തയാറാകണം.
വിബി വർഗീസ്,
അഡ്മിൻ, ഗ്ളോബൽ അടൂർ കൂട്ടായ്മ.