sabrimala

ശബരിമല : ദർശനത്തിന് മലകയറുന്ന അയ്യപ്പഭക്തന്മാർക്ക് സുരക്ഷ ശക്തമാക്കി വനം വന്യജീവി വകുപ്പ്. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് തീർത്ഥാടകർ സഞ്ചരിക്കുന്ന യാത്രാപാത പെരിയാർ ടൈഗർ റിസർവ് മേഖലയിൽപ്പെടുന്നതാണ്. ഈ പാത കടന്ന് പോകുന്ന പലയിടങ്ങളിലൂടെയും വന്യജീവികൾ സഞ്ചരിക്കുന്നതിനാലാണ് അയ്യപ്പഭക്തർക്ക് സുരക്ഷ ഒരുക്കിയിരിക്കുന്നത്. പുലർച്ചെ നാലിന് പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് വരുന്ന അയ്യപ്പഭക്തർക്കും രാത്രി തിരിച്ചിറങ്ങുന്നവർക്കും ആയുധധാരികളായ വനം വകുപ്പ് ജീവനക്കാരുടെ അകമ്പടിയോടെ സുരക്ഷിതമായി കാനന പാതയിലൂടെ യാത്ര ചെയ്യാമെന്ന് സെക്ഷൻ റേഞ്ച് ഓഫീസർ പി.കെ. രാജേഷ് പറഞ്ഞു.

വന്യജീവികളിൽ നിന്ന് തീർത്ഥാടകർക്ക് സംരക്ഷണം ഒരുക്കുന്നതിന് പുറമേ മലിനീകരണത്തിനെതിരെ ബോധവത്കരണം, ഇഴ ജന്തുക്കളിൽ നിന്നുള്ള ശല്യം ഒഴിവാക്കൽ എന്നിവയും വന വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ചെയ്തു വരുന്നുണ്ട്. നിലവിലെ ബാച്ചിന്റെ കാലാവധി ഡിസംബർ 14 വരെയാണ്. 14 മുതൽ 29 വരെയാണ് അടുത്ത ബാച്ചിന്റെ സേവനം ശബരിമലയിലുണ്ടാവുക. 10 പേരാണ് ഒരു ബാച്ചിലുള്ളത്. ഒരു റേഞ്ച് ഓഫീസർ, ഒരു സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, എട്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ എന്നിവരാണ് ഒരു ബാച്ചിലുള്ളത്. നട തുറന്നത് മുതൽ ഇതുവരെ 37 ഇഴജന്തുക്കളെ സന്നിധാന പരിസരത്ത് നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പറഞ്ഞു. കൂടാതെ വനം വകുപ്പിനെ സംബന്ധിച്ച് എന്ത് ആവശ്യത്തിനും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും സന്നിധാനത്ത് സജ്ജമായിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ: 04735 202077, റേഞ്ച് ഓഫീസർ: 9447586833.