ചെങ്ങന്നൂർ: ഗ്യാസ് സിലിണ്ടറിന്റെ റഗുലേറ്റർ പൊട്ടിത്തെറിച്ച അപകട
ത്തിൽ വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു.
ചെങ്ങന്നൂർ തിട്ടമേൽ ബഥേൽ വാർഡിൽ സിന്ധു ഭവനിൽ സിന്ധു തോമസിന്റെ വീട്ടിൽ ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. ഉപയോഗിച്ചിരുന്ന സിലിണ്ടറിലെ ഗ്യാസ് തീർന്നപ്പോൾ സിന്ധു പുതിയ സിലിണ്ടറിൽ റഗുലേറ്റർ ഘടിപ്പിച്ചശേഷം ഓൺ ചെയ്തു. ഉടൻ ഉഗ്ര ശബ്ദത്തോടെ റഗുലേറ്റർ പൊട്ടിത്തറിച്ച് വീടിന്റെ കോൺക്രീറ്റ് മേൽക്കൂരയിൽ ഇടിച്ച് തെറിക്കുകയായിരുന്നു. ഈ സമയം സിന്ധു ഒരു വശത്തേക്ക് മാറി നിന്നതിനാൽ അത്ഭുകരമായി രക്ഷപ്പെടുകയായിരുന്നു.
പൊട്ടിത്തെറിയിൽ റഗുലേറ്ററിന്റെ മുകൾഭാഗം വൃത്താകൃതിയിൽ അടർന്നുമാറി ഉള്ളിലെ സ്പ്രിംഗും ഇരുമ്പ് കവറിംഗും ഉൾപ്പടെ മുകളിലേക്ക് തെറിച്ചതോടെ മുറിയിൽ ഗ്യാസ് പരന്നു. ശബ്ദം കേട്ട് ഒാടിയെത്തിയവർ റഗുലേറ്റർ നിറുത്തി. അടുപ്പിൽ തീ കത്തിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. വിവരം അറിയിച്ചതോടെ ഗ്യാസ് ഏജൻസിയിലെ ജീവനക്കാരൻ എത്തി പുതിയ റഗുലേറ്റർ നൽകി.
പഴക്കം ചെന്ന എല്ലാ റഗുലേറ്ററുകളും അടിയന്തരമായി മാറ്റി പുതിയവ നൽകണമെന്ന് ആവശ്യപ്പെട്ട് ഡൊമസ്റ്റിക് ഗ്യാസ് കൺസ്യൂമേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഫിലിപ്പ് ജോൺ അധികൃതർക്ക് പരാതിനൽകി.