 
ആറന്മുള : പമ്പാതീരത്ത് വിളവെടുത്ത നൂറ് കിലോയോളം ഭാരമുള്ള കാച്ചിൽ നാട്ടുകാർക്ക് വിസ്മയമായി. ഇടയാറന്മുള മംഗലത്ത് സോമശേഖരൻ നായരാണ് തന്റെ പുരയിടത്തിൽ നിന്ന് നൂറ് കിലോയോളം ഭാരമുള്ള കാച്ചിൽ വിളവെടുത്തത്. വിസ്മയക്കാച്ചിൽ കാണാൻ ഒട്ടേറെപ്പേരാണ് എത്തുന്നത്. സുഹൃത്ത് നീർവിളാകം സ്വദേശി രാമചന്ദ്രൻ നായരിൽ നിന്ന് രണ്ട് വർഷം മുൻപാണ് വിത്ത് കാച്ചിൽ ശേഖരിച്ചത്. കഴിഞ്ഞ വർഷം വിളവെടുക്കാതിരുന്നതിനാലായിരിക്കാം ഇത്രയേറെ വലിപ്പമുള്ളതെന്ന് സോമശേഖരൻ നായർ പറഞ്ഞു. സാധാരണയിൽക്കവിഞ്ഞ വലിപ്പമുണ്ടെന്ന് സംശയം തോന്നിയതോടെ വലിയകുഴിയെടുത്ത് ഒന്നിലധികം ആളുകളുടെ സഹായത്തോടെയാണ് കാച്ചിൽ പറിച്ചത്.
പള്ളിയോട സേവാസംഘം പ്രതിനിധിസഭാംഗവും പള്ളിയോട ക്യാപ്ടനുമായിരുന്ന സോമശേഖരൻ നായർ അറിയപ്പെടുന്ന കർഷകനാണ്. കാച്ചിൽ, ചേന, ചേമ്പ്, വാഴ, ഇഞ്ചി തുടങ്ങി എല്ലാത്തരം കൃഷികളും ഇദ്ദേഹത്തിനുണ്ട്. കാർഷിക ജോലികൾ ഭൂരിഭാഗവും സ്വന്തമായാണ് ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ മത്സ്യക്കുളത്തിൽ നിന്ന് രണ്ടായിരത്തോളം മീൻ അടുത്തിടെ വിൽപ്പന നടത്തിയിരുന്നു.