
തിരുവല്ല: തദ്ദേശ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികളും സ്ഥാനാർത്ഥികളും പ്രചരണത്തിനുപയോഗിച്ച ബാനറുകളും ബോർഡും പച്ചക്കറി വളർത്തുന്ന ഗ്രോ ബാഗാക്കി മാറ്റാൻ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേനയും കാർഷിക കർമ്മസേനയും രംഗത്തെത്തി. ഫ്ളെക്സ് നിരോധിച്ചെങ്കിലും തുണി ബാനർ എന്ന പേരിൽ ഭൂരിപക്ഷം പേരും രംഗത്തിറക്കിയ ബാനറുകൾ പോളി എതിലിൻ അടിസ്ഥാനമാക്കിയതോ പോളിസ്റ്ററോ ആയ വസ്തുക്കളായിരുന്നു. ഇവയൊന്നും തന്നെ മണ്ണിൽ അലിയുന്നവയല്ല. സാധാരണ ഫ്ളക്സിൽ നിന്ന് വ്യത്യസ്ഥമായി രൂപാന്തരപ്പെടുത്തി ഗ്രോബാഗാക്കി മാറ്റാൻ ഇതെളുപ്പമാണെന്നാണ് ഹരിത കർമ്മസേനാംഗങ്ങൾ പറയുന്നത്. ഇതേതുടർന്ന് ലഭ്യമായ ബാനറുകൾ ഉപയോഗിച്ച് ഏതാനും ഗ്രോബാഗുകൾ നിർമ്മിച്ചതിന്റെ മാതൃക ഹരിത കർമ്മസേന പ്രസിഡന്റ് ഫിലോമിന ഷാജി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. ആറടി നീളവും മൂന്നടി വീതിയുമുള്ള ബാനർ ഉപയോഗിച്ച് നാല് ഗ്രോബാഗുകൾ ഉണ്ടാക്കാം.
പോളി എതിലിൻ അടിസ്ഥാനമാക്കിയ വസ്തുക്കളുടെ ദൂഷ്യം രാഷ്ട്രീയപാർട്ടികളും ജനപ്രതിനിധികളും മനസിലാക്കി കൂടുതൽ പരിസ്ഥിതി സൗഹൃദമായ തിരഞ്ഞെടുപ്പ് നടത്താൻ സന്നദ്ധമാകണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് രാഷ്ട്രീയപാർട്ടികളുടെ ബാനറിൽ തയ്യാറാക്കിയ ഗ്രോബാഗുകൾ സത്യപ്രതിജ്ഞാ വേളയിൽ സമ്മാനിക്കുമെന്ന് ഹരിത കർമ്മസേന കോർഡിനേറ്റർ എ.എസ്. ഹരീഷ്കുമാർ പറഞ്ഞു. ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങളുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് ദിവസം പോളിംഗ് കേന്ദ്രങ്ങളിൽ ഹരിതചട്ടം പാലിക്കാനാവശ്യമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
ബാനറുകൾ ഹരിതകർമ്മസേനയ്ക്ക് കൈമാറണം
തിരഞ്ഞെടുപ്പിന് ഉപയോഗിച്ച പോളി എതിലിൻ അടിസ്ഥാനമാക്കിയ ബാനറുകൾ പുനരുപയോഗത്തിനായി ഹരിതകർമ്മ സേനയ്ക്ക് കൈമാറണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. സുജാകുമാരി അറിയിച്ചു. ഇത്തരം ബാനറുകൾ അലക്ഷ്യമായി വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യരുത്. രാഷ്ട്രീയ പാർട്ടികൾക്കും പൊതുജനങ്ങൾക്കും ഇക്കാര്യത്തിൽ ഹരിതകർമ്മസേനയെ സഹായിക്കാം.