bannana

ആറന്മുള: വടക്കൻ ജില്ലകളിൽ നിന്നുള്ള ഏത്തവാഴക്കുലകൾ വിപണി കീഴടക്കിയതോടെ നാടൻ ഏത്തക്കുല വിപണിയിൽ വാട്ടം. വില കിട്ടാതെ വാഴ കർഷകർ ദുരിതത്തിലാണ്. അഞ്ചും ആറും കിലോ പച്ചപ്പടല 100 രൂപയ്ക്ക് വീടുകളിൽ എത്തിക്കുന്നവർ വരെയുണ്ട്. ഇതുകാരണം നാട്ടിൻ പുറങ്ങളിലെ എത്തക്കുലകൾക്ക് വിലയും പ്രിയവും കുറഞ്ഞു. നാടൻ കുലകൾ കടകളിൽ 45,50 രൂപയ്ക്ക് വിൽക്കുമ്പോഴാണ് മറുനാടൻ വിപണിയിൽ നിന്ന് വിളവെത്താത്ത കുലകൾ ഇവിടെ എത്തിച്ച് ഇടനിലക്കാർ ലാഭം കൊയ്യുന്നത്. 5 കിലോ 100 രൂപ എന്ന ബോർഡും സ്ഥാപിച്ച് പെട്ടി ഓട്ടോകളിലും മറ്റും വിൽപന വ്യാപകമാണ്. ഇതിനു പുറമെ തമിഴ്‌നാട്ടിൽ നിന്ന് വൻതോതിൽ എത്ത കുലകൾ ചന്തകളിൽ എത്തുന്നതും നാട്ടിലെ കർഷകർക്ക് തിരിച്ചടിയാകുന്നു.
പാടങ്ങളിലും കര പ്രദേശങ്ങളിലും ഏക്കർ കണക്കിന് സ്ഥലങ്ങളിൽ വാഴകൃഷി ചെയ്ത കർഷകരാണ് വിലയില്ലായ്മയുടെ കെണിയിൽ വീണു കിടക്കുന്നത്.
ജില്ലയിലെ പറക്കോട്. പത്തനംതിട്ട, കോന്നി, ചിറ്റാർ, പുല്ലാട് , തടിയൂർ , റാന്നി എന്നിവിടങ്ങളിലെ ആഴ്ച ചന്തകളിൽ എത്തിക്കുന്ന നാടൻ ഏത്തക്കുലകൾക്ക് കഴിഞ്ഞ രണ്ടാഴ്ചയിലേക്കാൾ വില കുറവിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കച്ചവടം നടന്നതെന്ന് കർഷകർ പറയുന്നു.