 
തിരുവല്ല: സാധനം വാങ്ങാനെന്ന വ്യാജേന ഹെൽമെറ്റ് ധരിച്ച് കടയിലെത്തിയ രണ്ടംഗ സംഘം കടയുടമയായ വൃദ്ധയുടെ സ്വർണമാല പൊട്ടിച്ചുകടന്നു. ഞാലിക്കണ്ടം ജംഗ്ഷനിൽ സ്റ്റേഷനറി കട നടത്തുന്ന കവിയൂർ വടക്കേ പറോലിൽ മണിയമ്മ (65) യുടെ മാലയാണ് നഷ്ടപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. മണിയമ്മയുടെ കഴുത്തിൽക്കിടന്ന രണ്ടര പവന്റെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ ബലപ്രയോഗത്തിനിടെ മാലയുടെ ഒരുഭാഗം പൊട്ടി നിലത്തുവീണു. ബാക്കിയുള്ള മുക്കാൽ പവനുമായി മോഷ്ടാക്കൾ കടക്കുകയായിരുന്നു. കറുത്ത നിറമുള്ള ബൈക്കിലാണ് സംഘം എത്തിയത്. മാല പൊട്ടിച്ചെടുത്ത ശേഷം കവിയൂർ ഭാഗത്തേക്കാണ് പോയത്. സി.സി ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണം ഊർജിതമാക്കിയതായി തിരുവല്ല എസ് ഐ എ അനീസ് പറഞ്ഞു. സമാനരീതിയിൽ ബൈക്കിലെത്തി കടയുടമയായ വൃദ്ധയെ ആക്രമിച്ച് മാല പൊട്ടിച്ചെടുത്തു കടന്ന സംഭവം ചാത്തങ്കരിയിൽ ഒരുവർഷം മുമ്പ് നടന്നിരുന്നു.