കോഴഞ്ചേരി: ശബരിമലയിൽ അയ്യപ്പന് മണ്ഡല പൂജക്ക് ചാർത്താനുള്ള തങ്കഅങ്കി വഹിച്ചുള്ള രഥ ഘോഷയാത്ര 22 ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. അന്ന് പുലർച്ചെ 5 മുതൽ 6.30 വരെ ക്ഷേത്രത്തിൽ തങ്ക അങ്കി ദർശനത്തിന് വയ്ക്കും.

രാവിലെ ഏഴിന് ആറന്മുള കിഴക്കേനടയിൽ നിന്ന് ആരംഭിക്കുന്ന യാത്ര മൂർത്തിട്ട, പുന്നംതോട്ടം, ചവുട്ടുകുളം, തിരുവഞ്ചംകാവ് വഴി 8.30 ന് തേവലശേരി ദേവി ക്ഷേത്രത്തിൽ എത്തും. 9. 30ന് പുറപ്പെട്ട് കോഴഞ്ചേരി പാമ്പാടി മൺ അയ്യപ്പ ക്ഷേത്രം കാരംവേലി, ഇലന്തൂർ ഭഗവതിക്കുന്ന്, ഗണപതി ക്ഷേത്രം വഴി ശ്രീനാരായണ മംഗലം ശാസ്താ ക്ഷേത്രത്തിൽ എത്തും.ഇവിടെ ഉച്ചഭക്ഷണത്തിന് ശേഷം അയത്തിൽ ,മെഴുവലി ,ഇലവുംതിട്ട ,മുട്ടത്തുകോണം,കൈതവന,പ്രക്കാനം,ചീക്കനാൽ,ഊപ്പമൺ വഴി രാത്രി എട്ടിന് ഓമല്ലൂർ രക്തകണ്ഠ സ്വാമിക്ഷേത്രത്തിൽ എത്തി ഒന്നാം ദിവസത്തെ യാത്ര അവസാനിപ്പിക്കും. 23 ന് പത്തനംതിട്ട, കടമ്മനിട്ട, കോട്ടപ്പാറ, മേക്കൊഴുർ, മൈലപ്ര, കുമ്പഴ, പുളിമുക്ക്,വെട്ടൂർ, ഇളകൊള്ളൂർ, ചിറ്റൂർ മുക്ക്, കോന്നി വഴി മുരിങ്ങമംഗലം ക്ഷേത്രത്തിൽ എത്തി രാത്രി അവിടെ തങ്ങും. 24 ന് അട്ടച്ചാക്കൽ, വെട്ടൂർ, മലയാലപ്പുഴ, മണ്ണാറക്കുളഞ്ഞി, റാന്നി, ഇടക്കുളം, വടശേരിക്കര, മാടമൺ വഴി പെരുനാട് ക്ഷേത്രത്തിലെത്തി ക്യാമ്പ് ചെയ്യും.

25 ന് ളാഹ,പ്ലാപ്പള്ളി,നിലക്കൽ,ചാലക്കയം വഴി ഉച്ചക്ക് ഒന്നിന് പമ്പയിലെത്തും. മൂന്നിന് പമ്പ ഗണപതി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് ശരംകുത്തിയിലെത്തുമ്പോൾ ആചാരപരമായ സ്വീകരണം നൽകി സന്നിധാനത്തെത്തിക്കും.വൈകിട്ട് അയ്യപ്പന് തങ്ക അങ്കി ചാർത്തി ദീപാരാധന നടക്കും. 26 ന് ഉച്ചക്ക് അങ്കി ചാർത്തിയാണ് മണ്ഡല പൂജ. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ ശബരിമലയിൽ സമർപ്പിച്ചതാണ് തങ്ക അങ്കി. ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിലെ സ്ട്രോങ് റൂമിലാണ് അങ്കി സൂക്ഷിക്കുന്നത്

ഘോഷയാത്ര കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഇത്തവണ ഘോഷയാത്ര. നേരത്തെ നിശ്ചയിച്ച സ്വീകരണ സ്ഥലങ്ങളിൽ മാത്രമേ രഥം നിറുത്തു. ഇവിടങ്ങളിൽ നിന്ന് മാത്രമേ പറ സ്വീകരിക്കു.ആറന്മുള ക്ഷേത്രത്തിൽ 22 ന് രാവിലെ 6.30 ശേഷം ഭക്തർക്ക് തങ്ക അങ്കി ദർശനം ഉണ്ടാകില്ല. ആറന്മുള ദേവസ്വം ആഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടി.ബി.ഹരിദാസ്,സബ് ഗ്രൂപ്പ് ഓഫിസർമാരായ ജി.അരുൺ കുമാർ,എം.ജി.സുകു,രാധാകൃഷ്ണൻ എന്നിവർക്കാണ് ഘോഷയാത്രയുടെ ചുമതല