പത്തനംതിട്ട: സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് സംബന്ധിച്ച് യഥാർത്ഥ വോട്ടർമാർ പരാതി നൽകിയ വ്യാജ വോട്ടുകൾ എണ്ണരുതെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ആവശ്യപ്പെട്ടു. ജില്ലയിൽ സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് അയച്ചതിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നത് ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് ലഭിക്കാത്തവർ അതാത് വരണാധികാരികളെ വിവരം അറിയിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നു. ഇവരുടെ ഫോൺ നമ്പറുകൾ സാമൂഹ്യ സംഘടനകളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. ജില്ലയിലെ വരണാ ധികാരികൾ ഫോൺ വിളിച്ചാൽ കട്ട് ചെയ്യുകയോ ചോദിക്കുന്ന സംശയങ്ങൾക്ക് ഉത്തരം നൽകുകയോ ചെയ്തിരുന്നില്ല. സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദമായ സർക്കുലർ പുറപ്പെടുവിച്ചിരുന്നതാണ്. ഈ നിർദ്ദേശങ്ങൾ മനപ്പൂർവ്വം വരണാധികാരികൾ ലംഘിച്ചു. ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ നേതൃത്വത്തിൽ വൻ ക്രമക്കേടാണ് പന്തളം ബ്ലോക്ക് പഞ്ചായത്തിൽ നടന്നത്.