 
തിരുവല്ല: രാജ്യാന്തര നിലവാരത്തിൽ പുനർ നിർമ്മിക്കുന്ന കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിന്റെ ഒന്നാംഘട്ട ടാറിംഗ് തുടങ്ങി. മാത്യു ടി.തോമസ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ കാവുംഭാഗം മുതലാണ് ടാറിംഗ് ജോലികൾ ആരംഭിച്ചത്. അഞ്ചര മീറ്റർ വീതിയിലും അഞ്ച് സെന്റിമീറ്റർ കനത്തിലുമാണ് ടാറിംഗ്. ഇടിഞ്ഞില്ലം വരെയുള്ള അഞ്ച് കിലോമീറ്ററിലെ ആദ്യഘട്ട ടാറിംഗ് ഒരാഴ്ചയ്ക്കകം പൂർത്തിയാകും. ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് ടാറിംഗ് ജോലികൾ നടക്കുന്നത്. ഇടിഞ്ഞില്ലം പാലത്തിന്റെയും ആറ് കലുങ്കുകളുടെയും നാല് ഡക്റ്റുകളുടെയും ഓടയുടെയും നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ഓടയുടെ നിർമ്മാണവും പുരോഗമിക്കുന്നു. വെള്ളക്കെട്ട് പതിവായിരുന്ന ഭാഗങ്ങളിൽ മൂന്നാം ഘട്ട മെറ്റിലിംഗിന് മുമ്പായി കയർ ഭൂവസ്ത്രം വിരിച്ചിരുന്നു. പെരിങ്ങോൽ വരെ ഇന്നലെ ഒരുവശത്തെ ടാറിംഗ് നടത്തി. വൈദ്യുതി പോസ്റ്റുകളും ജലവിതരണക്കുഴലുകളും മാറ്റി സ്ഥാപിക്കുന്ന പണികൾ ഇനിയും ബാക്കി കിടക്കുകയാണ്. ഇവ മാറ്റിയിടുന്നതിനുള്ള തുക അതാത് വകുപ്പുകൾക്ക് കിഫ്ബി ഇതുവരെയും കൈമാറിയിട്ടില്ല.
രണ്ടാംഘട്ട ടാറിംഗിന് മുമ്പായി വൈദ്യുത പോസ്റ്റുകളും ജലവിതരണക്കുഴലകളും മാറ്റി സ്ഥാപിക്കുമെന്നാണ് അധികൃതർ പറയുന്നത്. അടുത്തഘട്ടം ടാറിംഗ് ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് നീക്കം.
നടപ്പാത ഉൾപ്പെടെയുള്ളവ നവീകരിക്കും
കിഫ്ബിയിൽ നിന്നും അനുവദിച്ച 16.83 കോടി രൂപ ചെലവഴിച്ചാണ് റോഡ് പുനരുദ്ധരിക്കുന്നത്. പാലാത്ര കൺസ്ട്രക്ഷൻസിനാണ് നിർമ്മാണ ചുമതല. ടാറിംഗ് ജോലികൾ ആരംഭിച്ചതിനാൽ 23 വരെ കാവുംഭാഗം -ഇടിഞ്ഞില്ലം റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുകയാണ്. ഇരുവശങ്ങളിലും വീതികൂട്ടിയാണ് റോഡിന്റെ വികസനം സാദ്ധ്യമാക്കിയത്. നടപ്പാത ഉൾപ്പെടെയുള്ള പ്രവർത്തികളും റോഡ് വികസനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കാര്യമായ തർക്കങ്ങളില്ലാതെയാണ് ഭൂരിഭാഗം സ്ഥലങ്ങളും സൗജന്യമായി ഏറ്റെടുത്തത്. ഇനി ആറുപേരുടെ സ്ഥലങ്ങൾ കൂടി ഏറ്റെടുക്കാനുണ്ട്. അതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്..
ബിജിന
(പൊതുമരാമത്ത് അസി.എൻജിനീയർ)
-16.83 കോടി രൂപ ചെലവ്
-നിർമ്മാണച്ചുമതല പാലത്ര കൺട്രക്ഷന്
23 വരെ വരെ ഗാതഗത നിയന്ത്രണം