അടൂർ : കൊവിഡ് രൂക്ഷമായ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തിരിഞ്ഞു നോക്കുന്നില്ലെന്ന കേരളകൗമുദി വാർത്ത തുണയായി. ഇതിനെ തുടർന്ന് ആ പ്രദേശങ്ങൾ ജില്ലാ കളക്ടർ ഏഴ് ദിവസത്തേക്ക് കണ്ടയ്ൻമെന്റ് സോണാക്കി. കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് പരിശോധന ക്യാമ്പ് നടത്തിയതിന്റെ തൊട്ടുപിന്നാലെയാണ് ഈ നടപടി. അടൂർ നഗരസഭയിലെ വാർഡ് നാലിൽപ്പെട്ട ഊട്ടിമുക്ക്, സാൽവേഷൻ ആർമിപള്ളി, ആനന്ദവല്ലീശ്വരം, വിളയിൽപ്പടിഭാഗം, കുമ്പുളുംവിള - കോട്ടപ്പുറം റോഡ്, വാർഡ് 26 ലെ മൂന്നാളം സീഡ്ഫാം ജംഗ്ഷനിൽ നിന്നും പള്ളിക്കൽ ചെറുപുഞ്ചയിലേക്ക് പോകുന്ന ഭാഗം എന്നിവയാണ് കണ്ടയ്ൻമെന്റ് സോണാക്കി മാറ്റിയത്. പന്നിവിഴ ഊട്ടിമുക്ക് ഭാഗത്ത് ഇതിനോടകം ഇരുപതിൽപ്പരം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെയും രണ്ടുപേരെ ആരോഗ്യവകുപ്പ് കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. രോഗവ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പന്നിവിഴ 303-ാം നമ്പർ പന്നിവിഴ എസ്.എൻ.ഡി.പി ശാഖയിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ ഭൂരിപക്ഷം പേരും പങ്കെടുക്കാതെ മാറിനിന്നതായി പരാതിയുണ്ട്. നാമമാത്രമായ ആളുകൾ മാത്രമാണ് പങ്കെടുത്തത്. അതിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ 50 പേർക്ക് കൊവിഡ്

ഇന്നലെ അടൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ഇന്നലെ മാത്രം അൻപതോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പന്നിവഴ, കണ്ണംകോട്, പറക്കോട്, മൂന്നാളം, ചാറുപുഞ്ച, മണക്കാല, ചൂരക്കോട്, പള്ളിക്കൽ, ഇളമണ്ണൂർ പ്രദേശങ്ങളിലാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപനം രൂക്ഷമായിട്ടും ഈ മേഖലയിൽ ആരോഗ്യവകുപ്പോ, പൊലീസോ വേണ്ടത്ര ജാഗ്രത പുലർത്താതെ വന്നതാണ് ഇത്രയധികം പേരിലേക്ക് കൊവിഡ് പടരാൻ ഇടയാക്കിയത്. ഗ്രാമീണ മേഖലയിലെ ചെറുകിട‌ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് യാതൊരു കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയാണ് ആളുകൾ ഒത്തുചേരുന്നത്. ഇത് നിയന്ത്രിക്കുന്നതിന് യാതൊരു നടപടിയും ആരുടേയും ഭാഗത്തില്ല. പ്രദേശങ്ങളെ കണ്ടയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചതൊഴിച്ചാൽ അത് സംബന്ധിച്ച നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്താതിരിക്കുന്നതും ഇനിയും രോഗവ്യാപനത്തിന് ഇടയാക്കുമെന്ന മുന്നറിയിപ്പുണ്ട്.