16-camera
വർഷങ്ങൾക്ക് മുൻപ് കോഴഞ്ചേരി ടൗണിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറ തുരുമ്പെടുത്ത് നശിച്ച് സി. കേശവൻ ചത്വരത്തിനുള്ളിലേക്ക് വീണു കിടക്കുന്നു.

കോഴഞ്ചേരി: അപകടങ്ങളും മോഷണവും മോഷണ ശ്രമങ്ങളും ടൗണിലും പരിസരങ്ങളിലും നിത്യ സംഭവമാകുമ്പോഴും തിരക്കേറിയ പാതയോരങ്ങളിൽ സി.സി ടിവികൾ സ്ഥാപിക്കാത്തതും ഉള്ളവ സംരക്ഷിച്ചു നിലനിറുത്താത്തതും അധികൃതരുടെ നിസംഗതയിലേക്ക് വിരൽ ചൂണ്ടുന്നു.
കോഴഞ്ചേരി ടൗണിലും സമീപ ഭാഗങ്ങളിലും വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ച സി.സി.ടിവികൾ എതാനും ദിവസം മാത്രം പ്രവർത്തിച്ചതൊഴിച്ചാൽ പിന്നീട് ഇതുവരെ കണ്ണുതുറന്നിട്ടില്ല. ജില്ലാ ആശുപത്രിപ്പടി,സി.കേശവൻ ചത്വരം തുടങ്ങിയ സ്ഥലങ്ങളിൽ ഉൾപ്പെടെ ഏഴ് ഇടങ്ങളിലാണ് പൊലീസിന്റെ സഹായത്തോടെ നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. കെൽട്രോണിനായിരുന്നു നിർവഹണ ചുമതല. വർഷങ്ങൾക്കു മുൻപ് തകരാറിലായ കാമറകളിൽ ഒന്നു പോലും ഇതുവരെ നന്നാക്കിയിട്ടില്ല. കാമറ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ തുരുമ്പെടുത്തു നശിച്ചു. മോഷണ ശ്രമങ്ങളും ചെറിയ അപകടങ്ങളും ടൗണിൽ ഇപ്പോൾ പതിവായിട്ടുണ്ട്. സി.സി.ടിവികൾ ഇല്ലാത്തത് പലപ്പോഴും പൊലീസ് അന്വേഷണത്തെയും പ്രതികൂലമായി ബാധിക്കുന്നു. രണ്ട് വർഷം മുൻപ് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തും കോഴഞ്ചേരി പഞ്ചായത്തും സംയുക്തമായി ചേർന്ന് ഏഴ് ലക്ഷം രൂപ ചെലവിൽ കാമറകൾ സ്ഥാപിക്കാൻ കൊണ്ടുവന്ന പദ്ധതിയും പാതിവഴിയിൽ കണ്ണടച്ചു. ഇതുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ പഞ്ചായത്തിന് നൽകിയിരുന്നു. ശേഷിക്കുന്ന രണ്ട് ലക്ഷം രൂപ പഞ്ചായത്ത് തനതു ഫണ്ടിൽ നിന്ന് അനുവദിച്ച് നടപ്പാക്കാനായിരുന്നു ലക്ഷ്യം. അതും അനന്തമായി നീളുകയാണ്. ടൗണിൽ വണ്ടിപ്പട്ടയിലും മറ്റും മാലിന്യം തള്ളുന്ന പ്രവണത അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഈ ഭാഗങ്ങളിലും കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

'കോഴഞ്ചേരിയിലും പരിസര ഭാഗങ്ങളിലും സി.സി.ടിവികൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കരാർ നടപടികൾ പുരോഗമിക്കുകയാണ്. വൈകാതെ പദ്ധതി യാഥാർത്ഥ്യമാകും.'
( ജി.സന്തോഷ് കുമാർ, എസ്.എച്ച് ഒ, ആറന്മുള )