കോന്നി: പ്രൈവ​റ്റ് ബസ് സ്​റ്റാൻഡിനു സമീപം സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയ്ക്ക് മുൻവശത്ത് ഒരാഴ്ചയായി ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു.
വെള്ളം കെട്ടിക്കിടക്കുന്നതുമൂലം കാൽനടയാത്ര പോലും ദുഷ്‌കരമാണ്.തിരക്കേറിയ റോഡിൽ വാഹനങ്ങൾകടന്നു പോകുമ്പോൾ കാൽനടയാത്രക്കാർക്ക്മേൽ ചെളിവെള്ളം തെറിക്കുന്നതും, കടകളിലേക്ക് ചെളിവെള്ളം തെറിച്ച് സാധനങ്ങൾ നശിക്കുന്നതും പതിവായിട്ടുണ്ട്. വ്യാപാരികളും, നാട്ടുകാരും വാട്ടർ അതോ​റിറ്റിയുടെ കോന്നി ഓഫീസിൽ പരാതിപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മഴ പെയ്യുമ്പോൾ വെള്ളം കെട്ടികിടക്കുന്ന സ്ഥലമാണിത്.പൊതുമരാമത്ത് വകുപ്പ് ഇടയ്ക്കിടെ റോഡിന്അ​റ്റകു​റ്റപണികൾ നടത്താറുണ്ടെങ്കിലും ഇവിടുത്തെ വെള്ളക്കെട്ട് മാ​റ്റാൻ ഇനിയും നടപടികൾ സ്വീകരിച്ചിട്ടില്ല. റോഡ് ഉയർത്തി വെള്ളം സമീപത്തെ കലുങ്കിലെത്തിക്കാൻ കഴിഞ്ഞെങ്കിലെ നിലവിലെ പ്രശ്നത്തിന് പരിഹാരമാകു. ആനക്കൂട് റോഡിൽ കോൺഗ്രസ് ഭവന് മുൻവശം, ജോയിന്റ് ആർ.ടി ഓഫീസിന് മുൻവശം, ചിറയ്ക്കൽ ക്ഷേത്രത്തിനു സമീപം, സെൻട്രൽ ജംഗ്ഷന് സമീപം,ചേരീമുക്ക് റോഡിൽ മാങ്കുളം ജംഗ്ഷനു സമീപം എന്നിങ്ങനെ നിരവധി പ്രദേശങ്ങളിലാണ് പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നത്. പലതിനും ഒരു മാസത്തിലേറെ പഴക്കമുണ്ട്. പരാതിപ്പെടുമ്പോൾ ഉടൻ പണികൾ നടത്തുമെന്ന് അധികൃതർ പറയാറുണ്ടെങ്കിലും നടപടി സ്വീകരിക്കാറില്ലന്നു പൊതുപ്രവർത്തകനായ എം.എ.ബഷീർ പറഞ്ഞു.