
പത്തനംതിട്ട: വിധി കാത്ത് ആകാംക്ഷയുടെ മുൾമുനയിൽ ജില്ല. ജില്ലാ പഞ്ചായത്ത്, നഗരസഭകൾ, ബ്ളോക്ക് പഞ്ചായത്തുകൾ, ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്ക് 1042 പ്രതിനിധികളാണ് തിരഞ്ഞെടുക്കപ്പെടുന്നത്. ആദ്യ ഫല സൂചനകൾ രാവിലെ എട്ടരയോടെ അറിയാം. ഉച്ചയോടെ പൂർണഫലം ലഭിച്ചേക്കും. 12 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളായി നടന്ന ത്രികോണ മത്സരത്തിൽ ജില്ലയുടെ മനസ് എങ്ങോട്ടു ചായുമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം.
ആദ്യ ഫല സൂചനകൾ രാവിലെ എട്ടരയോടെ
തിരഞ്ഞെടുക്കപ്പെടുന്നവർ
ഗ്രാമ പഞ്ചായത്ത് :788
ബ്ളോക്ക് പഞ്ചായത്ത് :106
നഗരസഭകൾ :132
ജില്ലാ പഞ്ചായത്ത് :16
'' ജില്ല എൽ.ഡി.എഫിനൊപ്പമെന്ന് ഉറപ്പ്. ജില്ലാ പഞ്ചായത്ത് ഭരണവും ചുവപ്പണിയും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് എൽ.ഡി.എഫ് ആവേശത്തോടെ ഒരുക്കങ്ങൾ നടത്തും.
കെ.പി.ഉദയഭാനു, സി.പി.എം ജില്ലാ സെക്രട്ടറി.
'' ജില്ല യു.ഡി.എഫ് കോട്ടയെന്ന് ഒന്നുകൂടി തെളിയും. തദ്ദേശ സ്ഥാപനങ്ങൾ വൻ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് ഭരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സലിൽ യു.ഡി.എഫ് ശോഭിക്കും.
ബാബു ജോർജ്, ഡി.സി.സി പ്രസിഡന്റ്.
'' എൻ.ഡി.എ ശക്തമായി മുന്നേറും. നിലവിലെ ജനപ്രതിനിധികളുടെ എണ്ണം മൂന്നിരട്ടിയായി വർദ്ധിക്കും. ജില്ലാ പഞ്ചായത്തിൽ എൻ.ഡി.എ പ്രതിനിധിയുണ്ടാകും.
വിജയകുമാർ മണിപ്പുഴ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി.