പത്തനംതിട്ട : തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്നതിനും ഫല പ്രഖ്യാപനത്തിനും ജില്ലയിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി നൂഹ് അറിയിച്ചു. എട്ട് ബ്ലോക്കുകൾ കേന്ദ്രീകരിച്ച് എട്ട് വോട്ടെണ്ണൽ കേന്ദ്രങ്ങളും നാല് നഗരസഭകൾക്ക് ഒന്നുവീതം നാല് വോട്ടെണ്ണൽ കേന്ദ്രങ്ങളുമാണുള്ളത്.
രാവിലെ എട്ടിന് ആരംഭിക്കുന്ന വോട്ടെണ്ണലിൽ ആദ്യം സ്‌പെഷ്യൽ പോസ്റ്റൽ ഉൾപ്പടെയുള്ള പോസ്റ്റൽ വോട്ടുകൾ എണ്ണും. ഇതിനൊപ്പം വോട്ടിംഗ് യന്ത്രങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള വോട്ടുകൾ നിശ്ചിത ഫോറത്തിൽ രേഖപ്പെടുത്തും. അതത് വാർഡ്/ഡിവിഷനുകളിലെ അന്തിമ ഫലം വരണാധികാരികൾ പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്തിലെ പോസ്റ്റൽ ബാലറ്റുകളുടെ എണ്ണൽ ജില്ലാ കളക്ടറേറ്റിൽ നടക്കും. ജില്ലാ പഞ്ചായത്തിലെ അന്തിമ ഫലപ്രഖ്യാപനം ജില്ലാ കളക്ടർ നടത്തും.
ഗ്രാമ പഞ്ചായത്തിൽ ഓരോ സ്ഥാനാർത്ഥിക്കും ഓരോ എജന്റിനെ അനുവദിക്കും. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ സജ്ജീകരിച്ചിരിക്കുന്ന മേശ എത്രയാണോ അത്രയും മേശകളിലേക്ക് ഓരോ കൗണ്ടിംഗ് എജന്റിനെയും വയ്ക്കാം. വരണാധികാരിയുടെ മേശയ്ക്ക് സമീപം സ്ഥാനാർത്ഥികൾക്കും ഇലക്ഷൻ ഏജന്റിനും വോട്ടെണ്ണൽ നിരീക്ഷിക്കാം.
കൗണ്ടിംഗ് ഹാളിൽ എത്ര വോട്ടെണ്ണൽ മേശകൾ സജ്ജീകരിച്ചിട്ടുണ്ടോ അത്രയും എണ്ണം വാർഡുകളിലെ കൺട്രോൾ യൂണിറ്റുകളാണ് ആദ്യം സ്‌ട്രോംഗ് റൂമിൽ നിന്നെടുക്കുന്നത്. വോട്ടെണ്ണുന്നത് ഒന്നാം വാർഡ് മുതൽ ക്രമത്തിലായിരിക്കും. ഒരു ടേബിളിൽ ഒരു കൗണ്ടിംഗ് സൂപ്പർവൈസർ, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റ് എന്നീ ക്രമത്തിലാണ്.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ പുരോഗതി ഇലക്ഷൻ കമ്മിഷനിലേക്ക് അറിയിക്കുന്നതിനുള്ള അപ്ലോഡിംഗ് സെന്ററുകൾ പ്രവർത്തിക്കും. വോട്ടെണ്ണൽ പുരോഗതി തത്സമയം അറിയാൻ നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ തയ്യാറാക്കിയ 'ട്രെൻഡ് ആപ്പി'ലൂടെ കഴിയും. ഗ്രാമ, ബ്ലോക്ക്, ജില്ലാ തലങ്ങളിലേക്ക് ഡേറ്റ എൻട്രികൾക്ക് കമ്പ്യൂട്ടറുകളും ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരും ഉണ്ട്.
വോട്ടെണ്ണൽ പൂർത്തിയാക്കി ഫാറം 25 ൽ ഫലം തയാറാക്കുന്ന മുറയ്ക്കുതന്നെ ഓരോ ഗ്രാമ പഞ്ചായത്തിന്റെയും ഫലപ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് വരണാധികാരി നടത്തും. ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി വിവിധ ഗ്രാമ പഞ്ചായത്ത് കൗണ്ടിംഗ് മേശകളിൽ നിന്ന് ലഭിക്കുന്ന ടാബുലേഷൻ ഷീറ്റിന്റെ അടിസ്ഥാനത്തിൽ ഓരോ ബ്ലോക്ക് വാർഡിന്റെയും വോട്ടുകൾ ക്രമീകരിച്ച് ഫലപ്രഖ്യാപനം നടത്തും. ബ്ലോക്ക് വരണാധികാരികൾ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ വോട്ട് കണക്ക് ശേഖരിച്ച് ജില്ലാ വരണാധികാരിക്ക് എത്തിച്ചുകൊടുക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഡിവിഷനുകളുടെ ഫലപ്രഖ്യാപനം ജില്ലാ കളക്ടർ നടത്തും. നഗരസഭകളിൽ അതത് വരണാധികാരികൾ ഇപ്രകാരം ഫലപ്രഖ്യാപനം നടത്തും.