തിരുവല്ല: കുറ്റപ്പുഴയിൽ വളർത്തുനായയെ അടിച്ചുകൊന്നെന്ന പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കുറ്റപ്പുഴ പടപ്പാട്ട് കുന്നിൽ വീട്ടിൽ സൂസന്റെ മൂന്ന് വയസുള്ള വളർത്തുനായാണ് ചത്തത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വൈകിട്ട് ഏഴിന് അഴിച്ചുവിട്ട നായെ എട്ടുമണിയോടെ ചോരയിൽ കുളിച്ച് അവശനിലയിൽ വീടിന് പരിസരത്തു നിന്ന് കണ്ടെത്തുകയായിരുന്നു. തിരുവല്ല മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ നായയുടെ ജഡം പോസ്റ്റുമോർട്ടം ചെയ്തു. നായയുടെ ശരീരത്തിന്റെ പലഭാഗത്തും ക്ഷതം ഏറ്റിരുന്നതായും ആന്തരികമായ പരിക്കാണ് മരണകാരണമെന്നും വെറ്ററിനറി ഡോക്ടർ ബിനി പറഞ്ഞു. വിഷാംശം ഉള്ളിൽ ചെന്നിട്ടുണ്ടോയെന്ന് വ്യക്തമാകുന്നതിനായി നായയുടെ ആന്തരീകാവയവങ്ങൾ തിരുവനന്തപുരത്തെ കെമിക്കൽ എക്സാമിനേഷൻ ലാബിലേക്ക് അയയ്ക്കും. നായയെ കൊല്ലുമെന്ന് അയൽവാസിയായ അനൂപ് ഒരുമാസം മുമ്പ് ഭീഷണി മുഴക്കിയിരുന്നതായി സൂസൻ പറഞ്ഞു. സൂസൻ നൽകിയ പരാതിയിൽ അനൂപിനെതിരെ കേസെടുത്തതായി തിരുവല്ല സി.ഐ പി.എസ് വിനോദ് പറഞ്ഞു.