 
മല്ലപ്പള്ളി : കുന്നന്താനം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ ജയം നിശ്ചയിച്ചത് നറുക്കെടുപ്പിലൂടെ. ഇവിടെ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ഗ്രേസി മാത്യു, എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എൻ.സി. പ്രൈനി എന്നിവർക്ക് 377 വോട്ടുകൾ വീതവും ബി.ജെ.പി സ്ഥാനാർത്ഥി വിദ്യാ വിദ്യാധരന് 119 വോട്ടുമാണ് ലഭിച്ചത്. തുല്യവോട്ടുകൾ വന്നതിനാൽ വരണാധികാരിയുടെ തീരുമാനപ്രകാരം നറുക്കിടുകയായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി ഗ്രേസി മാത്യുവിനെ ഭാഗ്യം തുണച്ചതിനാൽ വിജയിച്ചതായി പ്രഖ്യാപിച്ചു. കുന്നന്താനം പഞ്ചായത്ത് 10, 11, 12 വാർഡുകളിൽ നിന്ന് മുമ്പ് ജയിച്ചിട്ടുള്ള ഗ്രേസി മാത്യു ഇക്കുറി സ്വന്തം വാർഡായ 11 കോലത്തു നിന്നാണ് ജനവിധി തേടിയത്.
നറുക്കിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് ജയം
ചെങ്ങന്നൂർ : നഗരസഭ ഐ.ടി.ഐ 16ാം വാർഡിൽ എൻ.ഡി.എ സ്ഥാനാർത്ഥി മനുകൃഷ്ണൻ നറുക്കെടുപ്പിലൂടെ വിജയിച്ചു. മനുകൃഷ്ണനും എൽ.ഡി.എഫിന്റെ സതീഷ് ജേക്കബിനും 230 വോട്ടുകൾ വീതമായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പത്രിക സൂഷ്മ പരിശോധന വേളയിൽ തള്ളിയിരുന്നു. യു.ഡി.എഫിന്റെ സിറ്റിംഗ് വാർഡായിരുന്നു ഇത്.
പ്രമാടത്ത് നറുക്കിട്ട് ബി.ജെ.പി നേടി
കോന്നി : പ്രമാടം ഗ്രാമപഞ്ചായത്തിലെ 13 - ാം വാർഡ് നറുക്കെടുപ്പിലൂടെ ബി.ജെ.പി സ്വന്തമാക്കി. യു.ഡി.എഫ് സ്ഥാനാർത്ഥി യു.വിഷ്ണുകുമാറിനും ബി.ജെ.പി സ്ഥാനാർത്ഥി കെ. ജയകൃഷ്ണനും 333 വോട്ടുകളാണ് ലഭിച്ചത്. തുടർന്ന് നറുക്കിട്ടപ്പോൾ വിധി ജയകൃഷ്ണന് അനുകൂലമായി. ഇതോടെ ബി.ജെ.പി പ്രമാടത്ത് രണ്ട് സീറ്റുകൾ നേടി. സി.പി.എം 201 വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.