ldf
പത്തനംതി​ട്ട നഗരസഭയി​ലെ എൽ.ഡി​.എഫ് സാരഥി​കൾ പ്രവർത്തകരെ അഭി​വാദ്യം ചെയ്യുന്നു

പത്തനംതിട്ട: യു.ഡി.എഫിന് കനത്ത പ്രഹരമേൽപ്പിച്ച് ജി​ല്ലയി​ൽ എൽ.ഡി.എഫ് ചെങ്കോട്ട പണി​തു. ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫിന്റെ പത്ത് വർഷത്തെ അധികാര കുത്തക തകർത്ത് എൽ.ഡി.എഫ് വലിയ ഭൂരിപക്ഷത്തോടെ ഭരണത്തിലേറി. എൽ.ഡി.എഫ് 12 ഡിവിഷൻ നേടിയപ്പോൾ യു.ഡി.എഫിന് മൂന്ന് ഡിവിഷനെ നേടാനായുള്ളൂ. 33 വോട്ടിന് യു.ഡി.എഫ് ലീഡ് ചെയ്ത് ഏനാത്ത് ഡിവിഷനിൽ എൽ.ഡി.എഫ് റീകൗണ്ടിംഗിന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇവിടെ ഫലപ്രഖ്യാപനം വൈകും. ആറ് ബ്ളോക്ക് പഞ്ചായത്തുകളിലും 23 ഗ്രാമ പഞ്ചായത്തുകളിലും അധികാരത്തിലേറിയ എൽ.ഡി.എഫിന് പന്തളം നഗരസഭയിലെ ഭരണ നഷ്ടമാണ് തിരിച്ചടിയായത്. അടൂർ നഗരസഭയിൽ 14 സീറ്റുമായി വലിയ കക്ഷിയായ എൽ.ഡി.എഫിന് ഒരു സ്വതന്ത്രന്റെ പിന്തുണയുണ്ടെങ്കിൽ അധികാരത്തിൽ തുടരാം.

എൽ.ഡി.എഫ് സർക്കാരിന്റെ വികസനപ്രവർത്തനങ്ങളും ക്ഷേമ പദ്ധതികളും തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിയ എൽ.ഡി.എഫ് വിജയത്തിന് തിളക്കമേറെയുണ്ട്. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശം പുളിക്കീഴ്, മല്ലപ്പള്ളി, ആനിക്കാട്, റാന്നി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ എൽ.ഡി.എഫിന് നേട്ടമായി.

നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ച് നിയോജക മണ്ഡലങ്ങളും നിലനിറുത്താനുള്ള പരിശ്രമങ്ങൾക്ക് ഉൗർജം പകരുന്നതാണ് എൽ.ഡി.എഫിനുണ്ടായ വിജയം.

പുകഞ്ഞ് കോൺഗ്രസ്

ജില്ലാ പഞ്ചായത്തിൽ 12 സീറ്റുകൾ നേടി വീണ്ടും അധികാരത്തിൽ വരുമെന്നായിരുന്നു യു.ഡി.എഫ് നേതാക്കളുടെ അവകാശ വാദം. എന്നാൽ, കൈയിലുണ്ടായിരുന്ന ഏഴ് സീറ്റുകൾ നഷ്ടപ്പെടുത്തിയതിന് പ്രതിക്കൂട്ടിലാകുന്നത് നേതൃത്വമാണ്. മികച്ച സ്ഥാനാർത്ഥികൾ ഇല്ലാത്തതും താഴെ തട്ടിൽ നിന്ന് വന്ന നിർദേശങ്ങൾ തള്ളി ഗ്രൂപ്പ് അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ കെട്ടിയിറക്കിയതുമാണ് വിനയായതെന്ന് ഒരു ഡി.സി.സി നേതാവ് പ്രതികരിച്ചു. ജില്ലാ പഞ്ചായത്ത്, ബ്ളോക്ക്, ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികൾ ഏറെയും മുതർന്ന ഗ്രൂപ്പ് നേതാക്കളുടെ നോമിനികളായിരുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ മുന്നണി പ്രവേശം ഗുണം ചെയ്തതുമില്ല. പരാജയത്തിന്റെ പേരിൽ കോൺഗ്രസിലുണ്ടായ മുറുമുറുപ്പ് വരു ദിവസങ്ങളിൽ കലാപമായി മാറിയേക്കും.

കാവി പുതച്ച് പന്തളം

ജില്ലയിൽ എൻ.ഡി.എ വൻ നേട്ടമുണ്ടാക്കി. പന്തളം നഗരസഭയിൽ ഭരണം പിടിക്കാനാവുമെന്ന് നേതാക്കൾ പോലും പ്രതീക്ഷിച്ചില്ല. ഇത്തവണ സീറ്റെണ്ണം കൂടുമെന്നാണ് അവർ കരുതിയത്. കഴിഞ്ഞ തവണ ഏഴ് സീറ്റുകൾ നേടിയ എൻ.ഡി.എ ഇത്തവണ അത് 18 ആയി ഉയർത്തിയാണ് 33 അംഗ നഗരസഭയിൽ ഭരണം പിടിച്ചത്. പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്തിലേക്ക് ഒരു പ്രതിനിധി ജയിച്ചിട്ടുണ്ട്. കുളനടയിൽ എട്ട് സീറ്റുകളോടെ അധികാരം നിലനിറുത്തി. കോയിപ്രം, കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തുകളിൽ വലിയ കക്ഷിയായി. നെടുമ്പ്രത്തും കുറ്റൂരിലും ഭരണം നഷ്ടമായി.