councillors

തിരുവല്ല: ചുമത്ര വഞ്ചിപ്പാലം വീട്ടിലെ ഈ ദമ്പതികൾ തിരുവല്ല മുൻസിപ്പൽ കൗൺസിൽ ഹാളിലെ രണ്ട് ഇരിപ്പിടങ്ങൾ സ്വന്തമാക്കി. മുൻ നഗരസഭാദ്ധ്യക്ഷ ലിൻഡ തോമസും ഭർത്താവും കൗൺസിലറുമായിരുന്ന തോമസ് വഞ്ചിപ്പാലവുമാണ് അടുത്തടുത്ത വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ രണ്ടില ചിഹ്നത്തിലാണ് ഇരുവരുടെയും വിജയം. നഗരസഭയിലെ വോട്ടർമാർ ഏറെയുള്ള ആറ്റുചിറ വാർഡിൽ മൂന്നാംവട്ടമാണ് ലിൻഡ റെക്കോഡ് ഭൂരിപക്ഷത്തോടെ ജയിച്ചത്. വാർഡിലെ 1045 വോട്ടുകളിൽ 790 എണ്ണവും ലിൻഡ സ്വന്തമാക്കി. 580 വോട്ടാണ് ഭൂരിപക്ഷം. നാല് കിഴക്കൻമുത്തൂർ വാർഡിൽനിന്ന് 261 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ രണ്ടാംവട്ടമാണ് തോമസ് വഞ്ചിപ്പാലം വിജയിച്ചത്. കേരളാ കോൺഗ്രസി(എം)ൽ ഏറെക്കാലമായി പ്രവർത്തിക്കുന്ന ഇവർ ജോസ്‌ കെ.മാണിക്കൊപ്പം ഇടതുമുന്നണിയിൽ എത്തുകയായിരുന്നു. പത്തുവർഷം കൗൺസിലറും രണ്ടുവർഷം നഗരസഭാദ്ധ്യക്ഷയുമായിരുന്നു ലിൻഡ തോമസ്. ആർക്കും ഭൂരിപക്ഷമില്ലാത്ത തിരുവല്ല നഗരസഭയിൽ എൽ.ഡി.എഫ് ഭരണം നേടിയാൽ ലിൻഡയ്ക്ക് അദ്ധ്യക്ഷസ്ഥാനം ലഭിക്കാനും സാദ്ധ്യതയുണ്ട്. ബി.കോം വിദ്യാർത്ഥി ഡെൻസൺ, എൻജിനീയറിംഗ് വിദ്യാർത്ഥിനി ഡെറിന എന്നിവരാണ് മക്കൾ.