
പത്തനംതിട്ട നഗരസഭ
പത്തനംതിട്ട : എൽ.ഡി.എഫിനും യു.ഡി.എഫിനും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും സ്വതന്ത്രർ തങ്ങളുടെ കൂടെയെന്ന് അവകാശപ്പെടുകയാണ് പത്തനംതിട്ട നഗരസഭയിലെ ഇരുമുന്നണികളും. 13 സീറ്റുകൾ വീതം നേടി എൽ.ഡി.എഫും യു.ഡി.എഫും മൂന്ന് സീറ്റുകളിൽ എസ്.ഡി.പി.ഐയും മൂന്ന് സീറ്റുകളിൽ സ്വതന്ത്രരുമാണ് നഗരസഭയിൽ വിജയിച്ചത്. പത്തനംതിട്ട നഗരസഭ .യു.ഡി.എഫിന് നിലനിറുത്തണമെങ്കിൽ സ്വതന്ത്രൻമാരുടെ പിന്തുണ വേണം. മൂന്ന് സ്വതന്ത്രരും തങ്ങളുടെ കൂടെയെന്നാണ് യു.ഡി.എഫ് നേതൃത്വം അവകാശപ്പെടുന്നത്. യു.ഡി.എഫിൽ നിന്ന് സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം പിടിച്ചെടുക്കുമെന്നാണ് എൽ.ഡി.എഫ് നേതൃത്വം പറയുന്നത്. എന്നാൽ ജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥികൾ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പറയുന്നു. ഇരു മുന്നണികളിലും സ്വതന്ത്രൻമാരെ കൂടെ നിറുത്താനുള്ള ചർച്ചകൾ ചൂടുപിടിക്കുകയാണ്.
എൻ.ഡി.എയ്ക്ക് ഇത്തവണയും പത്തനംതിട്ട നഗരസഭയിൽ സീറ്റുകൾ ലഭിച്ചില്ലെങ്കിലും അഞ്ചിടത്ത് എൻ.ഡി.എ രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇവയിൽ രണ്ടിടത്ത് എൽ.ഡി.എഫിനെ മറികടന്നാണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
-------------------
തിരുവല്ലയിൽ എൻ.ഡി.എയ്ക്ക് പിന്നാലെ
തിരുവല്ല: ആർക്കും ഭൂരിപക്ഷം ലഭിക്കാതിരുന്ന തിരുവല്ല നഗരസഭയിൽ എൻ.ഡി.എയുടെ പിന്തുണയോടെ ഭരണം പിടിക്കാൻ എൽ.ഡി.എഫും യു.ഡി.എഫും കരുനീക്കങ്ങൾ തുടങ്ങി. എൽ.ഡി.എഫിനും യു.ഡി.എഫിനും എൻ.ഡി.എയെ ഒഴിവാക്കി നഗരസഭയുടെ ഭരണം പിടിച്ചെടുക്കുക ദുഷ്‌കരമാണ്. വോട്ടെടുപ്പ് കഴിഞ്ഞദിവസം "തിരുവല്ല നഗരസഭയിൽ കൂട്ടുകക്ഷി ഭരണമെന്ന് വിലയിരുത്തൽ " എന്ന കേരളകൗമുദി റിപ്പോർട്ട് ശരിവയ്ക്കും വിധമാണ് തിരഞ്ഞെടുപ്പ് ഫലവും പുറത്തുവന്നിട്ടുള്ളത്. ആകെയുള്ള സീറ്റുകളിൽ 16 എണ്ണം നേടി യു.ഡി.എഫ് ആണ് ഭരണം നിലനിറുത്താൻ തിരക്കിട്ട നീക്കങ്ങൾ തുടങ്ങിയത്. നഗരസഭയിലെ 20 എന്ന ഭൂരിപക്ഷം നേടാൻ നാല് പേരുടെ പിന്തുണ കൂടി ആവശ്യമുണ്ട്. എസ്.ഡി.പി.ഐയ്ക്ക് ഒരു സീറ്റ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞതവണയും ഒരു സീറ്റുണ്ടായിരുന്ന എസ്.ഡി.പി.ഐ യു.ഡി.എഫിനൊപ്പം ഭരണം പങ്കിട്ടിരുന്നു. ഇതുകൂടാതെ ഒരു സ്വതന്ത്രയും വിജയിച്ചിട്ടുണ്ട്. ഇവരെ ഒപ്പം ചേർത്താലും രണ്ട് സീറ്റുകൾ കൂടി യു.ഡി.എഫിന് ആവശ്യമുണ്ട്. ഇതിനായി ബി.ജെ.പിയുടെ പിന്തുണ അനിവാര്യമാണ്. കഴിഞ്ഞതവണ നാല് സീറ്റുകൾ ഉണ്ടായിരുന്ന ബി.ജെ.പി ഇത്തവണ ഏഴെണ്ണം സ്വന്തമാക്കി. ബി.ജെ.പിയുടെ പിന്തുണ ലഭിച്ചാൽ ഭരണം തുടരാൻ യു.ഡി.എഫിന് സാധിക്കും. ഇതിനുള്ള രഹസ്യ ചർച്ചകൾ തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം തന്നെ തുടങ്ങി. നഗരസഭയുടെ ഭരണത്തിൽ പങ്കാളിയാകാനാണ് എൻ.ഡി.എയുടെ നീക്കം. ഇതിനായുള്ള ശ്രമങ്ങളാണ് എൻ.ഡി.എ മുന്നോട്ട് വയ്ക്കുന്നത്. പ്രധാനപ്പെട്ട ചില സ്ഥാനങ്ങൾ ആവശ്യപ്പെടുമെന്നും അറിയുന്നു. ആവശ്യങ്ങൾ അംഗീകരിക്കുന്നവർക്കൊപ്പം ചേർന്ന് ഭരിക്കാനാണ് എൻ.ഡി.എയുടെ ശ്രമം. യു.ഡി.എഫുമായി നടക്കുന്ന അനൗദ്യോഗിക ചർച്ചകൾക്കൊപ്പം എൽ.ഡി.എഫ് നേതാക്കളുമായും എൻ.ഡി.എ നേതൃത്വം ആശയവിനിമയം നടത്തുന്നുണ്ട്. എൽ.ഡി.എഫിന് 14 സീറ്റുകളാണ് ലഭിച്ചത്. പ്രധാന പാർട്ടി സ്ഥാനമാനങ്ങൾ ഏറ്റെടുക്കാതെ ഒഴിഞ്ഞുനിന്ന് മറ്റ് കക്ഷികൾക്ക് എൻ.ഡി.എയുടെ പിന്തുണ നേടി ഭരിക്കാനും എൽ.ഡി.എഫ് നേതാക്കൾ മുന്നിട്ടിറങ്ങിയിട്ടുണ്ട്. വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞു ചർച്ചകൾ സജീവമാക്കി ഭരണം നേടിയെടുക്കാനാണ് എൽ.ഡി.എഫും യു.ഡി.എഫും ലക്ഷ്യമിടുന്നത്.
കക്ഷിനില
യു.ഡി.എഫ്- 16
എൽ.ഡി.എഫ്- 14
എൻ.ഡി.എ- 7
എസ്.ഡി.പി.ഐ -1
സ്വതന്ത്രൻ- 1