അടൂർ : കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിന്നും സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനായില്ലെങ്കിലും നഗരസഭയിൽ ഭരണം നിലനിറുത്താൻ കഴിയുമെന്നത് അടൂരിൽ എൽ.ഡി.എഫ് നേതൃത്വത്തിന് വലിയ നേട്ടമായി.യു.ഡി. എഫിലാകട്ടെ മുൻ നിര നേതാക്കളുടെ പതനത്തിനൊപ്പം കഴിഞ്ഞ തവണത്തേക്കാൾ രണ്ട് സീറ്റ് നഷ്ടമാവുകകൂടി ചെയ്തു. അതേ സമയം നഗരസഭയിൽ ഒരുവാർഡിൽ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞതിനൊപ്പം രണ്ട് വാർഡുകളിൽ രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞതിലുള്ള ആഹ്ളാദം എൻ.ഡി. എയ്ക്കുമുണ്ട്. 28 അംഗ കൗൺസിലിൽ എൽ.ഡി.എഫിന് 14 സീറ്റ് ലഭിച്ചപ്പോൾ യു.ഡി.എഫ് 11 സീറ്റിൽ ഒതുങ്ങി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 14യു.ഡി.എഫിന് 13 സീറ്റുകൾ ലഭിച്ചിരുന്നു. അന്ന് നാലാം വാർഡിൽ നിന്നും ജയിച്ച സ്വതന്ത്രന്റെ പിന്തുണയോടെയാണ് 25 വർഷത്തെ യു.ഡി.എഫ് ഭരണത്തിന് അറുതി വരുത്തി എൽ.ഡി.എഫ് അധികാരത്തിൽ ഏറിയത്. സ്വതന്ത്രരായി 14-ാം വാർഡിൽ നിന്നും വിജയിച്ച എം.അലാവുദ്ദീനും 23-ാം വാർഡിൽ നിന്നും ജയിച്ച ബീനാബാവുമാണ് ഇക്കുറിയും നിർണായകമാവുക. ഇതിൽ ബീനാ ബാബു ഒരുവിഭാഗം എൽ.ഡി.എഫ് പ്രവർത്തകരുടെ പിന്തുണയോടെ ജയിച്ചതിനാൽ തങ്ങൾക്കൊപ്പം നിൽക്കുമെന്നതാണ് എൽ.ഡി.എഫ് കണക്കുകൂട്ടുന്നത്. ഇവരുടെ പിന്തുണ ആർജ്ജിച്ചാലും യു.ഡി.എഫിന് കേവല ഭൂരിപക്ഷമാകില്ല എന്നതിനാൽ ഭരണം എൽ.ഡി.എഫ് തന്നെ കൈപ്പിടിയിൽ ഒതുക്കും. സ്ഥാനാർത്ഥി നിർണയത്തിൽ എൽ.ഡി.എഫ് കാട്ടിയ മികവാണ് ഭരണത്തുടർച്ചയ്ക്ക് വഴിതെളിച്ചത്. കഴിഞ്ഞ 25 വർഷവും നഗരസഭാ കൗൺസിലറാവുകയും ഒരു തവണ ചെയർമാൻപദം അലങ്കരിക്കുകയും ചെയ്ത ഉമ്മൻതോമസ് 27-ാം വാർഡിലും, ഡി.സി.സി ജനറൽ സെക്രട്ടറി ഏഴംകുളം അജു 24-ാം വാർഡിലും പരാജയം ഏറ്റുവാങ്ങിയപ്പോൾ എൽ.ഡി.എഫ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന കെ.ജി.വാസുദേവൻ 5-ാം വാർഡിലും 20 വർഷം സി.പി.ഐ കൗൺസിലറായിരുന്ന എൻ.ഡി രാധാകൃഷ്ണൻ 10-ാം വാർഡിലും പരാജയപ്പെട്ടത് എൽ.ഡി.എഫിനും വലിയനഷ്ടമായി. ഇരു മുണികളിലും കേരള കോൺഗ്രസുകൾക്ക് നൽകിയ രണ്ട് വീതം സീറ്റുകളിൽ എൽ.ഡി.എഫിൽ ജോസ് വിഭാഗവും യു.ഡി.എഫിൽ ജോസഫ് വിഭാഗവും ഓരോ സീറ്റുകളിൽ വിജയിച്ചു. മുസ്ലീം ലീഗിന് നൽകിയ രണ്ട് സീറ്റുകളിലെ പരാജയവും യു.ഡി.എഫിന് തിരിച്ചടിയായി. ഏഴ് സീറ്റിൽ വിജയിച്ച സി.പി.എം ആറ് സീറ്റിൽ വിജയിച്ച സി.പി.ഐയും ചെയർമാൻ സ്ഥാനത്തിനായി രംഗത്തുണ്ട്. ചെയർമാൻ സ്ഥാനം ജനറൽ ആയതിനാൽ സി.പി.എം ൽ നിന്നും അഡ്വ.എസ്.ഷാജഹാന്,ദിവ്യാ റെജി മുഹമ്മദ്, എം. മഹേഷ്കുമാർ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയുള്ളത്.സി.പി.ഐക്ക് ചെയർമാൻ സ്ഥാനം നൽകിയാൻ ആറാം വാർഡിൽ നിന്നും ജയിച്ച സി.പി.ഐ ജില്ലാ അസി.സെക്രട്ടറി ഡി.സജിക്ക് നറുക്ക് വീഴും. ഇതിന് സി.പി.എം വഴങ്ങിയില്ലെങ്കിൽ ചെയർമാൻ സ്ഥാനം രണ്ടരവർഷം വീതം പകുത്ത് നൽകുന്ന ഫോർമുലയും ഉരുത്തിരിയും. വനിതയ്ക്കാണ് വൈസ് ചെയർമാൻ സ്ഥാനം. എട്ടാം വാർഡിൽ നിന്നും വിജയിച്ച ശ്രീജ ആർ.നായരിലൂടെയാണ് ബി.ജെ.പി നഗരസഭയിൽ അക്കൗണ്ട് തുറന്നത്. 3-ാം വാർഡിൽ യു.ഡി.എഫിനേയും 10-ാം വാർഡിൽ എൽ.ഡി.എഫിനേയും പിൻതള്ളി എൻ.ഡി.എ സ്ഥാനാർത്ഥികൾ രണ്ടാമത് എത്തിയതും ശ്രദ്ധേയമായി.