തിരുവല്ല: ഓമ്‌നി വാനിലെത്തിയ യുവതി ഉൾപ്പെട്ട ആക്രമിസംഘം പ്രഭാത സവാരിക്കിറങ്ങിയ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ രണ്ടുപേരെ ആക്രമിക്കാൻ ശ്രമിച്ചു. കാവുംഭാഗം സ്വദേശിയും റിട്ട.പൊലീസ് ഉദ്യോസ്ഥനുമായ രാജൻ, പെരിങ്ങര സ്വദേശി മുരളീധരക്കുറുപ്പ് എന്നിവർക്ക് നേരെയാണ് വടിവാൾ ഉപയോഗിച്ചുള്ള ആക്രമണ ശ്രമമുണ്ടായത്. തിരുവല്ല മതിൽഭാഗത്തും അമ്പിളി ജംഗ്ഷന് സമീപവുമായിരുന്നു സംഭവങ്ങൾ. KL-26 A 3353 രജിസ്ട്രേഷനുള്ള കാറിലാണ് ആക്രമിസംഘം എത്തിയത്. പുലർച്ചെ നാലിനാണ് സംഘം മുരളീധരക്കുറുപ്പിന് നേരെ ആക്രമണശ്രമം നടത്തിയത്. തുടർന്ന് ഇതേ കാറിലെത്തിയ സംഘം അമ്പിളി ജംഗ്ഷനിൽ പുലർച്ചെ അഞ്ചിനാണ് രാജനെ ആക്രമിക്കാൻ ശ്രമിച്ചത്. സംഭവം കണ്ട് ഓടിക്കൂടിയ സമീപവാസികൾ ചേർന്ന് ആക്രമിയിൽ നിന്നും വടിവാൾ പിടിച്ചെടുത്തു. തുടർന്ന് വാഹനത്തിൽ നിന്നും മറ്റൊരു വടിവാൾ എടുത്ത് വീശി ഭീകാരാന്തരീക്ഷം സൃഷ്ടിച്ച് സംഘം സംഭവസ്ഥലത്ത് നിന്നും രക്ഷപെട്ടു. ആക്രമിസംഘം സഞ്ചരിച്ച വാഹനം പാരിപ്പള്ളി സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞതായും സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും തിരുവല്ല ഡിവൈ.എസ് പി.ടി രാജപ്പൻ പറഞ്ഞു.