തിരുവല്ല : കൊവിഡ് ഭീഷണിയെത്തുടർന്ന് മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ . പരസ്പരം കാണാതെയും സൗഹൃദം പങ്കിടാൻ കഴിയാതെയും ഓൺലൈൻ ക്ലാസുകളുമായി വീടുകളിൽ കഴിഞ്ഞുകൂടുകയാണ് വിദ്യാർത്ഥികൾ. ഇതിനിടെ തങ്ങൾ നേടിയെടുത്ത വിജയം ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ഒത്തുകൂടി ആഘോഷമാക്കിയിരിക്കുകയാണ് ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ. 2017 ബാച്ച് വിദ്യാർത്ഥികൾ രണ്ടാം വർഷ എം.ബി.ബി.എസ് പരീക്ഷയിൽ നേടിയ വിജയം ഇന്ത്യയ്ക്കകത്തും വിദേശത്തുമുള്ള വിവിധ ഇടങ്ങളിലിരുന്നാണ് വിദ്യാർത്ഥികൾ ആഘോഷിച്ചത്. ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഡയറക്ടറും സി.ഇ.യുമായ പ്രൊഫ. ഡോ. ജോർജ് ചാണ്ടി മറ്റീത, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ
ഡോ. സാമുവൽ ചിത്തരഞ്ജൻ, വൈസ് പ്രിൻസിപ്പൽ ഡോ. എലിസബത്ത് ജോസഫ്, ഫാർമക്കോളജി വിഭാഗം മേധാവിയും സ്റ്റുഡന്റ് അഫയേഴ്‌സ് ഡീനുമായ
ഡോ. ജോസഫ് ജസുറൻ തുടങ്ങിയവർ പങ്കെടുത്തു.
കൊവിഡ് സാഹചര്യത്തിൽ ഓൺലൈൻ സംവിധാനങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി ഹാർവാർഡ് സർവകലാശാല , ലണ്ടൻ സർവകലാശാല, സിംഗപ്പൂർ ദേശീയ സർവകലാശാല എന്നിവിടങ്ങളിലെ ലോകപ്രശസ്ത ഫാക്കൽറ്റികളെ ഓൺലൈൻ വേദികളിൽ കൊണ്ടുവന്ന് അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുവാനുള്ള ഒട്ടേറെ ശ്രമങ്ങളാണ് ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് നടത്തിവരുന്നത്. ലോക്ക് ഡൗൺ ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കകം തന്നെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ മെഡിക്കൽ കോളേജ് അധികൃതർ ക്ലാസുകൾ ആരംഭിച്ചിരുന്നു.97.7 % വിജയത്തിൽ 22 ഡിസ്റ്റിംഗ്ഷനും 59 ഫസ്റ്റ് ക്ലാസുമാണുള്ളത്.