പത്തനംതിട്ട: ജില്ലാ പഞ്ചായത്തിലെ വിജയത്തിളക്കത്തിലും ഏനാത്ത് ഡിവിഷനിൽ ഹർഷകുമാറിന്റെ തോൽവി സി.പി.എമ്മിന് ആഘാതമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചാണ് അദ്ദേഹത്തെ സുരക്ഷിതമെന്ന് കരുതിയ ഏനാത്ത് മത്സരിപ്പിച്ചത്. പക്ഷേ, 33 വോട്ടുകൾക്കായിരുന്നു തോൽവി. കോൺഗ്രസിലെ സി.കൃഷ്ണമാറാണ് വിജയിച്ചത്. കഴിഞ്ഞതവണ എൽ.ഡി.എഫിലെ ബി.സതികുമാരി 634 വോട്ടുകൾക്ക് വിജയിച്ച ഡിവിഷനിൽ ഇത്തവണ ഹർഷകുമാർ ഭൂരിപക്ഷം വർദ്ധിപ്പിക്കുമെന്നാണ് പാർട്ടി പ്രതീക്ഷിച്ചത്. പക്ഷേ സി.പി.എം മേധാവിത്വമുള്ള ചില ബൂത്തുകളിൽ പിന്നിലായി. സതികുമാരിക്ക് 2015ൽ ലഭിച്ചത് 14500 വോട്ടുകളായിരുന്നു. ഇത്തവണ ഹർഷകുമാർ നേടിയത് 14272 വോട്ടുകളാണ്. 228 വോട്ടുകളുടെ കുറവ്. 2015ൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് 13866 വോട്ടുകൾ. ഇത്തവണ കൃഷ്ണകുമാർ 439 വോട്ടുകൾ കൂടുതൽ നേടി. വിജയിക്കേണ്ട ഡിവിഷനിൽ ഇത്തവണ എൽ.ഡി.എഫ് വോട്ടുകൾ എങ്ങനെ കുറഞ്ഞുവന്നാണ് സി.പി.എം പരിശോധിക്കുന്നത്. ഏഴംകുളം, ഏറത്ത്, കടമ്പനാട് പഞ്ചായത്തുകളിലും നാല് ബ്ളോക്ക് പഞ്ചായത്ത് വാർഡുകളിലും എൽ.ഡി.എഫ് വിജയിച്ചിട്ടും ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി തോറ്റത് സി.പി.എമ്മിൽ ചർച്ചാവിഷയമായിട്ടുണ്ട്. പാർട്ടി വോട്ടുകൾ ചോർന്നെങ്കിൽ ശക്തമായ നടപടി വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.