
അടൂർ: തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഒറ്റയാനായി തനത് ശൈലിയിൽ രംഗത്തിറങ്ങി ജനശ്രദ്ധനേടിയ എൽ. ഡി. എഫ് സ്ഥാനാർത്ഥി ബാബു ജോണിന് തിളക്കമാർന്ന വിജയം. പോസ്റ്ററുകളും ഫ്‌ളക്‌സുകളും കാതടപ്പിക്കുന്ന പ്രചരണവാഹനങ്ങളുമൊന്നുമില്ലാതെ വീടുകളിലൂടെ തനിയേ സഞ്ചരിച്ച് വോട്ട് ചോദിച്ചാണ് ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് സ്ഥാനാർത്ഥിയ അദ്ദേഹം വിജയക്കൊടി പാറിച്ചത്. വർഷങ്ങളായി യു. ഡി. എഫ് കൈവശം വെച്ചിരുന്ന വാർഡിൽ ബാബു ജോണിന്റെ വിജയത്തിന് പത്തരമാറ്റിന്റെ പകിട്ടുണ്ട്. ആകെ പോൾ ചെയ്ത 962 വോട്ടുകളിൽ 705 വോട്ടും നേടിയാണ് വിജയിച്ചത്. വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ജോസഫിന് 139 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. നീണ്ടുനരച്ച താടിയും മുടിയും, ഖദർ വസ്ത്രങ്ങളും പഴയ റബർ ചെരിപ്പും ധരിച്ച്, തിരഞ്ഞെടുപ്പ് പ്രചരണ ബഹളങ്ങളൊന്നുമില്ലാതെ സ്വന്തം കൈപ്പടയിൽ എഴുതിയ പ്രസ്താവന അച്ചടിപ്പിച്ച് വോട്ടുചോദിച്ചിരുന്ന സ്ഥാനാർത്ഥി നേരത്തെ തന്നെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സുഹൃത്തുക്കൾ തയ്യാറാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്ന പോസ്റ്ററുകൾ മാത്രമായിരുന്നു ഏക പ്രചാരണായുധം. ബാബു ജോണിനായി അടൂരിലെ സാംസ്കാരിക പ്രവർത്തകരും വോട്ടുതേടി വീടുകൾ കയറിയിറങ്ങിയിറങ്ങിയപ്പോഴും ആൾകൂട്ടത്തിൽനിന്ന് ഒഴിഞ്ഞുനിന്നു. കുറച്ചെങ്കിലും പ്രചാരണ പ്രവർത്തനങ്ങൾ വേണമെന്ന സുഹൃത്തുക്കൾ പറഞ്ഞപ്പോൾ തനിക്ക് പരിചയമുള്ള നാട്ടുകാരാണ് അവർക്ക് മുന്നിൽ പോസ്റ്റർ രൂപത്തിൽ പ്രത്യക്ഷപ്പെടേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് നിഷ്കളങ്കമായ ചിരിയോടെ തള്ളിക്കളയുകയായിരുന്നു. എഴുത്തുകാരൻ, ഗവേഷകൻ,അഭിനേതാവ്, പ്രകൃതിസ്നേഹി, അടൂർ പുസ്തകമേളയുടേയും ചലച്ചിത്രോത്സവത്തിന്റേയും സംഘാടകൻ എന്ന നിലയിൽ ബാബുജോൺ അടൂരിന്റെ നിറസാന്നിദ്ധ്യമാണ്. ആദ്യമായാണ് മത്സരിക്കുന്നത്. ഹരിതചട്ടം പാലിക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം പൂർണമായും ഉൾക്കൊണ്ട് തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ വോട്ടർമാരുടെ ഹൃദയം കവരാൻ കഴിഞ്ഞു എന്നതാണ് കേവലം ഒരു ഗ്രാമപഞ്ചായത്തിലെ വാർഡിൽ ഇത്രയും ഭൂരിപക്ഷത്തിന് ബാബു ജോണിന് ജയിക്കാനായത്.