 
പള്ളിക്കൽ : പള്ളിക്കൽ പഞ്ചായത്തിന്റെ ഭരണചക്രം തിരിക്കാൻ കശുഅണ്ടിക്കറ പുരണ്ട കൈകളുമായി ശ്രീ ജ കൂടിയുണ്ടാകും. തെങ്ങമം 21ാം വാർഡിൽ നിന്ന് ബി.ജെ.പി പ്രതിനിധിയായിട്ടാണ് ശ്രീജ വിജയിച്ചത്. പത്ത് വർഷം മുൻപ് പിതാവ് മരണപ്പെട്ടതിനെ തുടർന്ന് പ്ളെസ് ടു പഠനം നിറുത്തി അമ്മയോടൊപ്പം കശുഅണ്ടി ഫാക്ടറിയിൽ പണിക്ക് പോകുകയായിരുന്നു. പെട്ടെന്ന് അമ്മയ്ക്ക് ഹൃദയസംബന്ധമായ തകരാര് കണ്ടെത്തി ചികിത്സയിലായി. പിന്നീട് അമ്മയുടെ ചികിത്സയും അനിയത്തിയുടെ പഠനവുമെല്ലാം ശ്രീജയുടെ ചുമലിലായി. അനിയത്തി ശ്രീനിയെ എം.എ വരെ പഠിപ്പിച്ചു. എന്നാൽ ജോയിന്റ് പെയിൻ എന്ന രോഗം കാരണം അനിയത്തിയും വീട്ടിലിരിപ്പായി. കശുഅണ്ടി ഫാക്ടറിയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ജീവിതം തള്ളി നീക്കുന്നതിനിടെയാണ് സ്ഥാനാർത്ഥിത്വം തേടിയെത്തുന്നത്. ആകെ പോൾ ചെയ്ത വോട്ടിന്റെ അമ്പത് ശതമാനം നേടിയാണ് ശ്രീ ജ വിജയിച്ചത്. ഇന്നലെ രാവിലെ തന്നെ കശുഅണ്ടി ഫാക്ടറിയിലെത്തി സഹപ്രവർത്തകരെ നന്ദി അറിയിച്ചു. പഞ്ചായത്തിൽ പോകേണ്ടാത്ത ദിവസങ്ങളിൽ ഫാക്ടറിയിൽ പണിയെടുക്കാനാണ് ശ്രീജയുടെ തീരുമാനം. ശ്രീജയ്ക്ക് വാസയോഗ്യമായ വീടില്ല. അതിനാൽ വീടില്ലാത്തവരുടെ ദു:ഖം അറിയാമെന്നും വീട്, കുടിവെള്ളം എന്നിവയ്ക്കായിരിക്കും മുൻതൂക്കം നൽകുകയെന്നും ശ്രീ ജ പറഞ്ഞു.