 
പന്തളം: അറുപതുകാരിയെ വെട്ടിക്കൊന്ന് മൃതദേഹം ചാക്കിലാക്കി വഴിയിൽ തള്ളിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. കുരമ്പാല പറയന്റയ്യത്ത് കുറിയമുളയ്ക്കൽ മധുസൂദനൻ ഉണ്ണിത്താൻ (52) ആണ് പിടിയിലായത്. അട്ടത്തോട് പാറയ്ക്കൽ വീട്ടിൽ സുശീല (58) ആണ് കൊല്ലപ്പെട്ടത്.
പൊലീസ് പറയുന്നത്- മധുസൂദനന്റെ രണ്ടാം ഭാര്യയാണ് സുശീല. ആദ്യ ഭാര്യയുടെ മരണത്തേത്തുടർന്നായിരുന്നു വിവാഹം. അട്ടത്തോട് ദേവസ്വം ബോർഡ് വക എസ്റ്റേറ്റിലെ ജീവനക്കാരിയായിരുന്ന സുശീലയെ അഞ്ച് വർഷം മുമ്പാണ് വിവാഹം കഴിച്ചത്.
ജോലിയിൽ നിന്നും വിരമിച്ചപ്പോൾ സുശീലയ്ക്കു ലഭിച്ച 3 ലക്ഷം രൂപയിൽ നിന്ന് 2 ലക്ഷം രൂപ ഉപയോഗിച്ച് മധുസൂദനൻ കുരമ്പാലയിൽ സ്ഥലം വാങ്ങിയിരുന്നു. ബാക്കി തുകയെച്ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. 15ന് രാത്രി പതിനൊന്നരയോടെ മദ്യപിച്ചെത്തിയ മധുസൂദനൻ വഴക്കിനിടെ കമ്പിവടി കൊണ്ട് സുശീലയുടെ തലയ്ക്കടിച്ച ശേഷം ടാപ്പിംഗ് കത്തികൊണ്ടുകുത്തിക്കൊല്ലുകയായിരുന്നു. മൃതദേഹം ചാക്കിൽ കെട്ടി പിറ്റേന്ന്.പുലർച്ചെ 5 മണിയോടെയാണു സ്വന്തം ഓട്ടോറിക്ഷയിൽ കയറ്റി കുരമ്പാല'ഇടയാടി സ്‌കൂളിനു സമീപമുള്ള ഇടവഴിയിൽ തള്ളുകയായിരുന്നു.
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തിൽ പത്തനംതിട്ട സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ. എസ് പി ആർ. ജോസ്, അടൂർ ഡിവൈ. എസ് പി ആർ. ബിനു, പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാർ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ അമീഷ്, സുബീഖ് എന്നിവരുൾപ്പെട്ട സംഘമാണ് കേസന്വേഷിച്ചത്. പ്രതിയെ അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.