moneydhirey

കോഴഞ്ചേരി : തദ്ദേശ സ്ഥാപനങ്ങളിൽ അധികാരമേൽക്കുന്ന ഭരണ സമിതികളെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി.
കൊവിഡ് പ്രതിരോധത്തിന് മാസങ്ങളായി ലക്ഷക്കണക്കിന് രൂപയാണ് ത്രിതല പഞ്ചായത്തുകൾ ചെലവഴിച്ചത്. ലോക്ക് ഡൗൺ തുടങ്ങിയ മാർച്ച് 23 മുതൽ നികുതി വരുമാനം കുറഞ്ഞതും ചെലവ് ഉയർന്നതും പഞ്ചായത്തുകളുടെ സാമ്പത്തിക അടിത്തറ ഇളക്കി.
കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾക്ക് മാത്രം കഴിഞ്ഞ 6 മാസത്തിനുള്ളിൽ ത്രിതല പഞ്ചായത്തുകൾ ഏകദേശം 50 ലക്ഷം രൂപ വരെ ചെലവഴിച്ചിട്ടുണ്ട്. സമൂഹ അടുക്കള, പ്രതിരോധ പ്രവർത്തനം, ചികിത്സാ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യം ഒരുക്കൽ എന്നിവയ്ക്കും മറ്റുമായി ലക്ഷക്കണക്കിനു തുക ചെലവഴിച്ചതായാണ് കണക്കുകളുള്ളത്.
പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചെലവിട്ട തുക തിരികെ ലഭിച്ചില്ലെങ്കിൽ അടുത്ത സാമ്പത്തിക വർഷത്തെ വികസന പ്രവർത്തനങ്ങൾക്കു തനത് ഫണ്ടിൽ പണം ഇല്ലാത്ത സ്ഥിതി വരും. സാമ്പത്തിക ഞെരുക്കം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ബാധിക്കും. ഭാരിച്ച ചെലവ് വരുന്ന കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ, രോഗികളുടെ എണ്ണം കുറഞ്ഞതോടെ നിറുത്താൻ സർക്കാർ കഴിഞ്ഞ ദിവസം പഞ്ചായത്തുകൾക്ക് നിർദേശം നൽകിയതിനു പിന്നാലെയാണ് ജില്ലയിൽ കൊവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം വർദ്ധിച്ചത്. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന്റെ ഭാഗമായി കൊവിഡ് പ്രൊട്ടോക്കോൾ ലംഘിച്ച് ആളുകൾ കൂട്ടം കൂടി നടത്തിയ ആഹ്‌ളാദ പ്രകടനം വരും ദിവസങ്ങളിൽ രോഗവാഹകരുടെ എണ്ണം കൂട്ടമോ എന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പും.

നികുതി വരുമാനം നിലച്ചു

വൻ തുകകൾ നികുതിയായി ലഭിച്ചിരുന്ന വിവാഹ മണ്ഡപങ്ങളടങ്ങിയ ഓഡിറ്റോറിയങ്ങൾ, സിനിമാ തിയേറ്ററുകൾ, പൊതു ചന്തകൾ എന്നിവിടങ്ങളിൽ നിന്നുള്ള വരുമാനം നിലച്ചത് തദ്ദേശ സ്ഥാപനങ്ങളുടെ നട്ടെല്ലൊടിച്ചു.