ചെങ്ങന്നൂർ: മോട്ടോർ സൈക്കളിന്റെ ലൈറ്റ് ഡിം അടിക്കാത്തത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ മാരകായുധങ്ങളുമായി ആക്രമണം നടത്തിയ കേസിൽ പ്രതികൾക്ക് 10 വർഷം തടവും 17,500 രൂപ പിഴയും ചെങ്ങന്നൂർ അസി.സെക്ഷൻസ് കോടതി ശിക്ഷിച്ചു. കായംകുളം പുതുപ്പള്ളി പ്രയാർ വടക്ക് സജി ഭവനത്തിൽ സുജീവ്(30), മഠത്തിൽ വീട്ടിൽ ഹരി, പുതുപ്പള്ളി കാവനാൽ പടീറ്റതിൽ ഷൈജു (ഷാൻ) എന്നിവരെയാണ് ശിക്ഷിച്ചത്.
2016 ഏപ്രിൽ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കായംകുളം പുതുപ്പള്ളി പെരുമ്പളത്ത് ശ്രീകുമാറിന്റെ മകൻ അഭിഷേകും സുഹൃത്ത് ജ്യോതിഷും വീടിന് സമീപം നിൽക്കുമ്പോൾ പ്രതികൾ സഞ്ചരിച്ച ബൈക്കിന്റെ ലൈറ്റ് ഡിം അടിക്കാത്തത് ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്. പ്രതികൾ ചേർന്ന് അഭിഷേകിനും പിതാവ് ശ്രീകുമാറിനെയും മർദ്ദിക്കുകയും ജ്യോതിഷിനെ ഇടതു കൈപ്പത്തി വെട്ടി രണ്ടായി മുറിപ്പെടുത്തുകയും ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ വരെ ഓടിക്കൂടിയ നാട്ടുകാർ കായംകുളം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായ ജ്യോതിഷന് വണ്ടാനം മെഡിക്കൽ കോളേജിലേക്കും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ച് കൈപ്പത്തി തുന്നി ചേർക്കുകയും ചെയ്തു. ചികിത്സയിലായിരുന്ന ശ്രീകുമാറിന്റെ മൊഴിപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം നടത്തി വിചാരണയ്ക്കായി മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയിലേക്കും തുടർന്ന് ചെങ്ങന്നൂർ അസിസ്റ്റന്റ് സെക്ഷൻ കോടതിയിലേക്കും കൈമാറി. ശിക്ഷാ കാലാവധി ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് ഉത്തരവിൽ കോടതി പറഞ്ഞതിനാൽ ഏറ്റവും കൂടിയ കാലാവധിയായ അഞ്ചുവർഷം തടവ് അനുഭവിച്ചാൽ മതി. ഈ കേസിലെ രണ്ടാം സാക്ഷി ജ്യോതിഷ് വിചാരണയ്ക്കിടയിൽ കൂറുമാറി പ്രതികൾക്ക് അനുകൂലമായി മൊഴിനൽകി എന്നത് കേസിന്റെ പ്രത്യേകതയാണ്.
പ്രോസിക്യൂഷനുവേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ റെഞ്ചി ചെറിയാൻ ഹാജരായി.