
ആത്മഹത്യയെന്ന് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതിത്തള്ളിയ അഭയ കേസ് കൊലപാതകമാണെന്ന് ആദ്യം തുറന്നുപറഞ്ഞ അന്വേഷണ ഉദ്യോഗസ്ഥൻ സി.ബി.എെ മുൻ ഡിവൈ.എസ്.പി വർഗീസ് പി.തോമസ് ആണ്. കേസിൽ നാളെ വരാനിരിക്കെ അദ്ദേഹവുമായി അഭിമുഖം
കേസ് ഏറ്റെടുത്തതിനു ശേഷമുള്ള അന്വേഷണം?
ഞാൻ സി.ബി.എെയുടെ എറണാകുളം റീജിയണൽ ഡിവൈ.എസ്.പി ആയിരിക്കെ ലോക്കൽ പൊലീസ് അന്വേഷിച്ച അഭയ കേസിന്റെ പേരിൽ ചിലർ അന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ കണ്ടു. കേസ് ഇങ്ങനെ വിടരുത്, അതൊരു കൊലപാതകമാണെന്ന് അവർ അദ്ദേഹത്തോടു പറഞ്ഞു. കേസ് സി.ബി.എെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി. അത് അംഗീകരിച്ചപ്പോൾ അന്വേഷണം എന്റെ കൈയിൽ വന്നു. അഭയ കൊല്ലപ്പെട്ട സ്ഥലത്തെ പ്രാഥമിക പരിശോധനയ്ക്കും വിവര ശേഖരണത്തിനും ശേഷം ഞാൻ മേലുദ്യോഗസ്ഥനെ കണ്ടു. എനിക്ക് വിശ്വസ്തരായവർ ടീമിൽ വേണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം അത് അംഗീകരിച്ചു. അസീസ്, ഷാജഹാൻ, സുരേന്ദ്രൻ എന്നിവരെ ഞാൻ ഒപ്പം കൂട്ടി.
എന്തെല്ലാമായിരുന്നു ശാസ്ത്രീയ തെളിവുകൾ?
സാക്ഷികൾ പലരും കൂറുമാറിയെങ്കിലും, ശാസ്ത്രീയ തെളിവുകളാണ് അഭയ കൊല്ലപ്പെട്ടതാണെന്നു കണ്ടെത്താൻ അന്വേഷണ സംഘത്തെ സഹായിച്ചത്. അഭയ കിണറ്റിൽ ചാടി മരിച്ചുവെന്നാണ് പയസ് ടെൻത് കോൺവെന്റുകാർ പറഞ്ഞത്. മൃതദേഹം പുറത്തെടുത്തപ്പോൾ അഭയയുടെ തുടയുടെ പിൻഭാഗത്തെ തൊലി മുകളിലേക്ക് ഉരഞ്ഞ നിലയിലാണ് കാണപ്പെട്ടത്. കാൽ താഴേക്കായാണ് അഭയയുടെ ശരീരം കിണറ്റിലേക്കു വീണത്. കാൽ ഉരഞ്ഞതിന്റേതായിരുന്നു ആ മുറിവുകൾ.
അത്തരത്തിൽ വീഴുന്നയാളുടെ തലയിൽ ഉച്ചിയിൽ പരിക്കുണ്ടാകില്ല. പക്ഷെ, അഭയയുടെ ഉച്ചിയിൽ നാല് ഇഞ്ചോളം നീളത്തിലും വ്യാസത്തിലും ആഴത്തിലുള്ള പരിക്കുണ്ടായിരുന്നു. അത് വീഴ്ചയിൽ ഉണ്ടായതല്ലെന്നു മനസ്സിലായി. ഭാരമുള്ള വസ്തുകൊണ്ട് അടിച്ചതിന്റേതായിരുന്നുവെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. പഠിക്കാൻ പുലർച്ചെ എഴന്നേറ്റ് വെള്ളം കുടിക്കാൻ അടുക്കളയിലേക്കു പോയ അഭയയുടെ ചെരുപ്പുകൾ ഡൈനിംഗ് മുറിയിലെ തുറന്നു കിടന്ന ഫ്രിഡ്ജിനു സമീപത്തുണ്ടായിരുന്നു. തറയിൽ കിടന്ന, അടപ്പിൽ ദ്വാരമിട്ടിരുന്ന കുപ്പിയിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നുമുണ്ടായിരുന്നു.
മുറിയോടു ചേർന്ന വർക്ക് ഏരിയയുടെ മൂലയ്ക്ക് ഒരു കൈക്കോടാലി എന്നും ചാരിവയ്ക്കാറുണ്ടായിരുന്നു. അഭയ കൊല്ലപ്പെട്ട ശേഷം അത് അവിടെ കണ്ടില്ല. പുറത്തേക്കുള്ള വാതിൽ വെളിയിൽ നിന്ന് ഒാടാമ്പലിട്ട് അടച്ച നിലയിലായിരുന്നു. ഇത്തരം തെളിവുകളും അഭയയുടെ മുറിയിൽ താമസിച്ച മറ്റ് സിസ്റ്റർമാരുടെ മൊഴികളും നിർണായകമായി. ഒപ്പം ഫോറൻസിക് വിഭാഗത്തിന്റെ തെളിവുകളും സഹായകമായി.
കേസിൽ ഉൾപ്പെട്ടവരെ അടുക്കള ഭാഗത്തു വച്ച് പുലർച്ചസമയത്ത് അഭയ കണ്ടതാണ് കൊലപാതകത്തിന് കാരണമായത്. ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും അഭയയ്ക്കുണ്ടായിരുന്നില്ല. കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുൻപ് അഭയയുടെ അപ്പനും അമ്മയും കോൺവെന്റിൽ ചെന്ന് അഭയയെ കണ്ടിരുന്നു. എന്നും ഡയറി എഴുതിയിരുന്ന അഭയ നിരാശയുള്ള മനോവ്യാപാരത്തിന്റെ ഒരു സൂചനയും കാട്ടിയിരുന്നില്ല.
കൂറുമാറാൻ സമ്മർദമുണ്ടായില്ലേ?
എന്റെ സ്വഭാവം അച്ചന്മാർക്കും എന്റെ മേലുദ്യോഗസ്ഥർക്കും നന്നായറിയാം.
കുറ്റപത്രം സമർപ്പിക്കും മുമ്പ് സ്വയം വിരമിക്കാൻ തീരുമാനിച്ചത്...
അഭയ കേസ് ആത്മ്യഹത്യയാക്കി റിപ്പോർട്ട് തയ്യാറാക്കണമെന്ന് മേലുദ്യോഗസ്ഥൻ ആവശ്യപ്പെട്ടിരുന്നു. സാറിന് എന്റെ സ്വഭാവം അറിയില്ലേ എന്ന് ഞാൻ തിരിച്ചു ചോദിച്ചു. സത്യത്തിനു നിരക്കാത്തത് ചെയ്യാൻ പറ്റില്ലെന്നു പറഞ്ഞു. ആത്മഹത്യയാക്കണമെങ്കിൽ കേസ് മറ്റാരെയെങ്കിലും ഏൽപ്പിക്കണമെന്നു പറഞ്ഞു. ഞാൻ തന്നെ റിപ്പോർട്ട് കൊടുക്കണമെന്ന് മേലുദ്യോഗസ്ഥൻ ശഠിച്ചു. അദ്ദേഹം പറയാതെ ഞാൻ എഴുന്നേറ്റ് പോയി.
തുടർന്നുള്ള ദിവസങ്ങളിൽ എന്നെ ടാർഗറ്റ് ചെയ്ത് ഒാരോ കാര്യത്തിന് മെമ്മോ നൽകിക്കൊണ്ടിരുന്നു. സർവീസ് അവസാനിപ്പിക്കാമെന്ന് ഞാൻ തീരുമാനിച്ചു. പിന്നീട് ഡിവൈ.എസ്.പി നന്ദകുമാർ നായർ (ഇപ്പോൾ എസ്.പി.) കുറ്റപത്രം സമർപ്പിച്ചു. സി.ബി.എെയിൽ 10 വർഷം കൂടി എനിക്ക് ബാക്കിയുണ്ടായിരുന്നു. ഡി.എെ.ജി റാങ്കിൽ വിരമിക്കാമായിരുന്നു.
കേസ് അന്വേഷിച്ചതിന്റെ പേരിൽ ഭീഷണി?
റിട്ടയർ ചെയ്തതിന്റെ അടുത്ത ദിവസങ്ങളിൽ, കൊല്ലുമെന്നു പറഞ്ഞ് ഒരു ഭീഷണിക്കത്ത് വന്നു. കത്തെഴുതിയിട്ട് ആരും കൊല്ലാൻ വരില്ലെന്ന് എന്റെ പഴയൊരു മേലുദ്യോഗസ്ഥൻ പറഞ്ഞു. ഒരു ഭീഷണിയും വകവയ്ക്കുന്നില്ല. സത്യം ജയിക്കണമെന്നാണ് എന്റെ തത്വം.