
പത്തനംതിട്ട : അദ്ധ്യയന വർഷത്തിന്റെ അവസാന നാളുകളാണെങ്കിലും സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചതോടെ അദ്ധ്യാപകരും വിദ്യാർത്ഥികളും ആവേശത്തിലാണ്. കൈറ്റ് വിക്ടേഴ്സ് ചാനലിൽ പാഠങ്ങൾ പഠിപ്പിച്ച് തീരാറായെങ്കിലും അദ്ധ്യാപകരുടെ കണക്കിൽ പഠനം പൂർണമായിട്ടില്ല. വിദ്യാർത്ഥികൾക്കും അതേ അഭിപ്രായമാണ്. ഓൺലൈൻ ക്ലാസുകൾ പ്രയോജനപ്പെടുത്തിയവർ അനേകർ ഉണ്ടെങ്കിലും അതിന് സാധിക്കാത്തവരുമുണ്ട്. അതുകൊണ്ട് തന്നെ എല്ലാവിദ്യാർത്ഥികളെയും പഠിപ്പിക്കണമെങ്കിൽ സ്കൂളുകൾ തുറക്കണമെന്ന അഭിപ്രായമാണ് അദ്ധ്യാപകർ പങ്കുവയ്ക്കുന്നത്.
ജനുവരിയിൽ 20 ദിവസവും ഫെബ്രുവരിയിൽ 20 ദിവസവും മാത്രമാണ് പ്രവർത്തി ദിവസം. മാർച്ചിലെ 10 ദിവസം കൂടി ചേർത്താൻ അമ്പത് ദിവസം ലഭിക്കും. മാർച്ചിൽ പരീക്ഷ ആയതിനാൽ നാൽപ്പത് ദിവസം കൊണ്ട് പാഠഭാഗങ്ങൾ പഠിപ്പിച്ച് തീർക്കണം. ഇതുവരെയുള്ള സംശയങ്ങളെല്ലാം ക്ലാസുകളെടുത്ത് തീർക്കേണ്ടി വരും. എന്നാൽ സർക്കാർ നിർദേശങ്ങൾ എത്തിയിട്ടില്ല. അത് കഴിഞ്ഞാകും സ്കൂൾ തുറക്കുന്നതിന് മുമ്പും ശേഷവും ചെയ്യേണ്ട കാര്യങ്ങൾ ക്രമീകരിക്കുക. സ്കൂൾ പരിസരങ്ങളിലെ കാടുകൾ വെട്ടി, ക്ലാസ് മുറികൾ ശുചിയാക്കി തുടങ്ങി. അദ്ധ്യാപകരും ജോലിയ്ക്കെത്തുന്നുണ്ട്.
"സർക്കുലർ ഇറങ്ങിയിട്ടില്ല. അത് അനുസരിച്ചാകും സ്കൂൾ തുറക്കുന്നതിനുള്ള നിർദേശങ്ങളും തീരുമാനങ്ങളും."
രാജേഷ് എസ്. വള്ളിക്കോട്
(പൊതു വിദ്യാഭ്യാസം സംരക്ഷണ യജ്ഞം കോ - ഓർഡിനേറ്റർ)
"അദ്ധ്യാപകരൊക്കെ സ്കൂളിൽ എത്തി തുടങ്ങി. കുട്ടികൾക്ക് ഐ.ടി ലാബ് പ്രാക്ടിക്കൽ ഒന്നും നടത്തിയിട്ടില്ല. അത് വലിയ വെല്ലുവിളിയാണ്. വളരെ കുറച്ച് ദിവസങ്ങൾ കൂടിയേ ഉള്ളു. സ്കൂളുകൾ തുറക്കണമെന്നുതന്നെയാണ് അദ്ധ്യാപകരുടെ ആഗ്രഹം. "
എസ്. രമേശ്
(അദ്ധ്യാപകൻ)