പന്തളം : ടിക്കറ്റ് നൽകാതെ തുക വെള്ളപ്പേപ്പറിൽ കുറിച്ചുനൽകി പണം വാങ്ങിയത് ചോദ്യം ചെയ്ത കെ.എസ്.ആർ.ടി.സി ഇൻസ്‌പെക്ടറെ കണ്ടക്ടർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ കണ്ടക്ടർ സി. എസ്. ഗോപാലകൃഷ്ണനെതിരെ കെ.എസ്.ആ.ടിസി അധികൃതർ പന്തളം പൊലീസിൽ പരാതി നൽകി.
ഇന്നലെ രാവിലെ ആറോടെയാണ് സംഭവം. കോട്ടയം- തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസിൽ കാരയ്ക്കാട് തുണ്ടിൽ പടി ജംഗ്ഷന് സമീപത്ത് നിന്നാണ്, ഇൻസ്‌പെക്ടർ വി.ഗംഗാധരൻ പരിശോധനയ്ക്ക് കയറിയത്. മൂന്ന് യാത്രക്കാർക്ക് വെള്ള പ്പേപ്പറിൽ കുറിച്ചു നൽകി 225 രൂപ ടിക്കറ്റ് നിരക്കായി വാങ്ങിയതായി കണ്ടെത്തി. ഇത് ചോദ്യം ചെയ്തപ്പോൾ ഗംഗാധരന്റെ കൈയിലിരുന്ന പേപ്പർ ബലമായി വാങ്ങി കണ്ടക്ടർ വിഴുങ്ങിയെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തർക്കത്തിനിടയിൽ തന്നെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ഗംഗാധരൻ പറഞ്ഞു. ഇത്തരത്തിൽ പണം വാങ്ങിയതായി യാത്രക്കാരും മൊഴി നൽകി. അന്വേഷണത്തിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് അടൂർ എടിഒ അജീഷ് കുമാർ പറഞ്ഞു.