
അടൂർ : തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ പാർട്ടിയിൽ പൊട്ടിത്തെറി. രണ്ട് ഡി.സി.സി സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവർ പാർട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തി. സ്ഥാനാർത്ഥി നിർണ്ണയം മുതൽ ഐ ഗ്രൂപ്പും കടുത്ത നീരസത്തിലായിരുന്നു. അതിനിടെ ഡി.സി.സി ജനറൽ സെക്രട്ടറി സുധാകുറുപ്പ് രാജവച്ച് സി.പി.എം ചേർന്നതും നേതൃത്വത്തിന് വലിയ തിരിച്ചടിയായി. അടൂർ നഗരസഭയിൽ 23 വാർഡിൽ കോൺഗ്രസ് മത്സരിച്ചപ്പോൾ െഎ ഗ്രൂപ്പിന് നൽകിയത് രണ്ട് സീറ്റ് മാത്രമാണ്. വിജയസാധ്യതയുള്ളവരെ പരിഗണിക്കാതെ എ ഗ്രൂപ്പ് ഏകപക്ഷീയമായ നിലപാടാണ് സ്വീകരിച്ചതെന്ന് ഐ ഗ്രൂപ്പുകാർ ആരോപിക്കുന്നു. ജില്ലാ പഞ്ചായത്ത് ഏനാത്ത് ഡിവിഷനിൽ ഐ ഗ്രൂപ്പ് സ്ഥാനാർത്ഥിയായതുകൊണ്ട് മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. ഏറത്ത് പഞ്ചായത്തിൽ ഐ ഗ്രൂപ്പിന് ഒരു സീറ്റ് പോലും നൽകിയില്ല. നിയോജക മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തനങ്ങളിൽ കെ.പി.സി.സി നേതൃത്വം അടിയന്തരമായി ഇടപെടണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. ബിജുവർഗീസ്, എസ്. ബിനു എന്നിവർ ആവശ്യപ്പെട്ടു.
നേതാക്കൻമാർക്ക് പ്രവർത്തകരുമായി യാതൊരു ബന്ധവുമില്ലെന്നും ഇവർ സ്വയം ഒഴിഞ്ഞുമാറി കോൺഗ്രസിനെ രക്ഷിച്ചില്ലെങ്കിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവരുമെന്നും ഡി.സി.സി ജനറൽ സെക്രട്ടറിമാർ ചൂണ്ടിക്കാട്ടുന്നു.
ഡി.സി.സി സെക്രട്ടറി സുധാകുറുപ്പ്
സി.പി.എമ്മിൽ ചേർന്നു
പള്ളിക്കൽ : ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന സുധാകുറുപ്പ് കോൺഗ്രസിൽ നിന്ന് രാജിവച്ചു സി.പി.എമ്മിൽ ചേർന്നു. ഡി.സി.സി സെക്രട്ടറിയും മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്തംഗവുമാണ്. കോൺഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പിൽ കാലുവാരി തോൽപിച്ചതാണന്നും ഇതിൽ പ്രതിഷേധിച്ചാണ് രാജിയെന്നും സുധാകുറുപ്പ് പറഞ്ഞു. 2000 ൽ പള്ളിക്കൽ ഡിവിഷനിൽ നിന്ന് സുധാകുറുപ്പ് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചിരുന്നു. അതിനു ശേഷം 2005 ൽ ഏനാത്ത് ഡിവിഷനിൽ മത്സരിച്ചപ്പോഴും 2010 ൽ വീണ്ടും പള്ളിക്കലിൽ മത്സരിച്ചപ്പോഴും കോൺഗ്രസ് നേതാക്കൻമാർ തന്നെ തോൽപിക്കാൻ മുൻ കൈയെടുത്തെന്നും, എന്നിട്ടും അനുസരണയുള്ള പാർട്ടി പ്രവർത്തകയായി തുടരുകയായിരുന്നുവെന്നും അവർ പറഞ്ഞു. ഇത്തവണ പോസ്റ്റർ ഒട്ടിക്കാനോ പ്രചാരണ സാമഗ്രികൾ ഒരുക്കാനോ ആളില്ലാത്ത അവസ്ഥയായിരുന്നു. ഡിവിഷനിൽ കൂലിക്ക് ആളെവെച്ചാണ് പ്രചാരണ സാമഗ്രികൾ സ്ഥാപിച്ചതെന്നും പ്രവർത്തനത്തിനിറങ്ങണമെങ്കിൽ പണം വേണമെന്ന് നേതാക്കൻമാർ ആവശ്യപെട്ടതായും സുധാകുറുപ്പ് പറഞ്ഞു.
ജില്ലാ - ബ്ലോക്ക് - മണ്ഡലം നേതാക്കൻമാർ ആരും പ്രചാരണ രംഗത്തില്ലായിരുന്നു. രണ്ടോ മൂന്നോ പേരടങ്ങുന്ന മാഫിയ സംഘമാണ് കോൺഗ്രസിന്നെ നയിക്കുന്നതെന്നും അവർ ആരോപിച്ചു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളാണ് ജനങ്ങൾ വിലമതിക്കുന്നതെന്ന് മനസ്സിലാക്കിയതിനാലാണ് സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു. അടൂരിൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയത്തിൽ മണ്ഡലം - ബ്ലോക്ക് നേതൃത്വത്തിനെതിരെ ശക്തമായ എതിർപ്പ് ഉയർന്നു കഴിഞ്ഞു. ബ്ലോക്ക് സെക്രട്ടറി രതീഷ് സദാനന്ദൻ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.
നേതൃത്വത്തിനെതിരെ ഡി.സി.സി ജനറൽ സെക്രട്ടറിയുടെ ഭാര്യ
പത്തനംതിട്ട : കോൺഗ്രസ് നേതൃത്വത്തിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനവുമായി ഡി.സി.സി ജനറൽ സെക്രട്ടറിയുടെ ഭാര്യ. ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറത്തിന്റെ ഭാര്യ മിനി സാമുവലാണ് സ്വന്തം ഫേസ് ബുക്ക് പോസ്റ്റിൽ ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷനിലാണ് സാമുവൽ കിഴക്കുപുറം മത്സരിച്ചത്.
സാമുവൽ കിഴക്കുപുറത്തിനെ തോൽപ്പിക്കാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിലയ്ക്കു വാങ്ങാനുമായി കളിച്ച ഈ കളിയുണ്ടല്ലോ... അസ്സലായിട്ടുണ്ടെന്നാണ്.... പോസ്റ്റിന്റെ തുടക്കം. ഈ മണ്ഡലം സാമുവലിന്റെ കൈയ്യിലാകുന്നത് സഹിക്കാൻ പറ്റാത്ത കുറേ കോൺഗ്രസ് നാമധാരികൾ ഉണ്ടെന്നും പോസ്റ്റിൽ പറയുന്നുണ്ട്. മറ്റ് വേദികളില്ലാത്തതിനാലാണ് എഫ്.ബിയിൽ പോസ്റ്റ് ചെയ്യുന്നതെന്നും അവർ പറയുന്നു. ഇതിനെതിരെ കോൺഗ്രസ് നേതാക്കളൊന്നും പ്രതികരിച്ചിട്ടില്ല.