
പഞ്ചായത്ത് രാജ് നഗരപാലിക ബില്ല് നിയമമായതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട നഗരസഭ ചെയർമാനായ ആളാണ് ഞാൻ. അതുവരെ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും വികസന പ്രവർത്തനങ്ങൾക്ക് തനത്ഫണ്ടും സർക്കാർ നൽകുന്ന ഗ്രാന്റുമാണ് ഉപയോഗിച്ചിരുന്നത്. നിയമം പ്രാബല്യത്തിൽ വന്ന ശേഷം പഞ്ചായത്തുകളിലും നഗരസഭകളിലും ആളുകളുടെ എണ്ണത്തിന് അനുസരിച്ച് അന്നത്തെ പ്ളാനിംഗ് കമ്മിഷൻ നിർദേശപ്രകാരമുള്ള ഫണ്ട് സർക്കാർ വഴി നൽകിയിരുന്നു.
ജനറൽ വിഭാഗത്തിലെ ആളുകൾക്ക് നൽകുന്ന ഫണ്ടിന്റെ നേരെ ഇരട്ടി പട്ടികജാതി വിഭാഗത്തിൽപെട്ടവർക്കും അതിന്റെ ഇരട്ടി പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്കും നൽകുമായിരുന്നു. ഇൗ ബില്ലിന്റെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ ഉൾക്കൊണ്ടാണ് ജനകീയാസൂത്രണ പദ്ധതി നടപ്പാക്കിയത്. തുടക്കത്തിൽ വാർഡ് സഭകളുടെ വലിയ കൂട്ടായ്മ വികസന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നു. അതിൽ ആ വാർഡുകളിലുള്ള പ്രൊഫഷണലുകൾക്കും പങ്കാളിത്തം നൽകി. ഒാരോ പ്രദേശത്തിന്റെയും വികസന ഭൂപടം ആ മേഖലയിൽ നടന്ന് പരിശോധിച്ച് തയ്യാറാക്കിയിരുന്നു. ഒാരോ അഞ്ച് വർഷത്തെയും പ്രവർത്തനം എങ്ങനെയായിരിക്കണമെന്നും നിർദേശിക്കുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിഭവഭൂപടം തയ്യാറാക്കിയാണ് പദ്ധതികൾ നടപ്പാക്കിയത്.
പക്ഷെ, കാലക്രമേണ വാർഡ് സഭകളുടെ പ്രസക്തി കുറഞ്ഞു. വ്യക്തിഗത ആനുകൂല്യങ്ങൾക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് മാത്രമായി വാർഡ് സഭകൾ ചുരുങ്ങി. അതിന് മാറ്റമുണ്ടാകണം.
വാർഡിലെ എല്ലാവരുടെയും അഭിപ്രായം കേട്ട് സഹകരണത്തോടെ ദീർഘകാല പദ്ധതികൾ തയ്യാറാക്കുകയാണ് വേണ്ടത്.
ഇപ്പോൾ സാമ്പത്തിക വർഷാവസനത്തോടെ വരുന്ന ഫണ്ട് ഏതെങ്കിലും തരത്തിൽ ചെലവഴിക്കുകയാണ്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് പല പ്രധാനപ്പെട്ട പദ്ധതികളും നടപ്പാക്കാതെയും പൂർത്തിയാക്കാതെയും പോകുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന ഫണ്ട് സാമ്പത്തിക വർഷാരംഭം മുതൽ ഗഡുക്കളായി നൽകണം. പണത്തിന്റെ ദുർവിനിയോഗം തടയാൻ ഇതു സഹായിക്കും.
മിക്ക പഞ്ചായത്തുകളിലും ഉയർന്ന സ്ഥലങ്ങളിൽ ജലസ്രോതസുകളുണ്ട്. അത് പരമാവധി ഉപയോഗിച്ചാൽ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. ഇത്തരം ചെറിയ പദ്ധതികൾ ഗ്രാമങ്ങളിൽ നടപ്പാക്കണം. പത്തനംതിട്ട നഗരസഭയിൽ ഇത്തരം നാല് കുടിവെള്ള പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്.
റോഡ് നിർമാണത്തിനും പാവങ്ങൾക്ക് വീട് നൽകുന്നതിനും മറ്റുള്ളവരുടെ കൂടി സഹായം തേടണം. നിർമാണ പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടെ പൂർത്തീകരിക്കണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും അങ്കണവാടികളുടെയും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തണം. അതിന് ജനകീയ കൂട്ടായ്മകൾ രൂപീകരിക്കണം.
മാലിന്യ സംസ്കരണമാണ് ഭാവികാലം നേരിടാൻ പോകുന്ന വലിയ വെല്ലുവിളി. അതിന് ശാസ്ത്രീയവും ദീർഘവീക്ഷണവുമുള്ള പദ്ധതികൾ തയ്യാറാക്കാൻ ജനപ്രതിനിധികൾ മുൻകൈയെടുക്കണം. നാട്ടിൽ വിവിധ മേഖലകളിൽ പ്രൊഫഷണലുകളായവരുടെ ഉപദേശങ്ങളും തേടണം.
പച്ചക്കറി കൃഷിയിലും നെൽകൃഷിയിലും ജില്ലയെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതികൾ ഏറ്റെടുക്കണം. ജനപ്രതിനിധികളായി പുതിയതായി തിരഞ്ഞെടുക്കപ്പെട്ടവർ വാർഡിലെ ജനങ്ങളുമായി രാഷ്ട്രീയ വ്യത്യാസമില്ലാതെ വികസന ചർച്ചകൾ നടത്തി പദ്ധതികൾ രൂപീകരിക്കണം.