തിരുവല്ല: ആർക്കും ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തുകളിൽ ഭരണം പിടിക്കുന്നത് ആരാകുമെന്ന ആകാംക്ഷ തീരുന്നില്ല. അദ്ധ്യക്ഷരെ തിരഞ്ഞെടുക്കുന്ന 30 വരെ ചർച്ചകളും കൂടിയാലോചനകളും രഹസ്യനീക്കങ്ങളും നീളും. കവിയൂർ, നിരണം, കടപ്ര പഞ്ചായത്തുകളിലാണ് കപ്പിനും ചുണ്ടിനും ഇടയിൽ മുന്നണികൾക്ക് ഭരണം നഷ്ടമായത്.

എൻ.ഡി.എ വലിയകക്ഷി

കവിയൂരിലെ 14 വാർഡുകളിൽ 6 സീറ്റ് നേടിയ എൻ.ഡി.എയാണ് ഏറ്റവും വലിയകക്ഷി. യുഡിഎഫ്- 4, എൽഡിഎഫ്- 3, സ്വതന്ത്രൻ- 1 എന്നിങ്ങനെയാണ് മറ്റ് കക്ഷിനില. ആർക്കൊപ്പം ചേർന്ന് ഭരിക്കാനാകുമെന്ന ആശങ്കയിലാണ് എൻ.ഡി.എ. കവിയൂരിൽ ബി.ജെ.പിക്ക് ഇത്രയധികം സീറ്റുകൾ ലഭിച്ചത് ആദ്യമായാണ്. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുടെ നിലപാട് ഇതുവരെ വ്യക്തമായിട്ടില്ല. സ്വതന്ത്രന്റെ നിലപാടും നിർണായകമാകും. ഭരണ സ്ഥിരതയ്ക്ക് മുന്നണികളുടെ തീരുമാനം അനിവാര്യമാണ്. കഴിഞ്ഞതവണയും ഇവിടെ ഒരുമുന്നണിക്കും ഭൂരിപക്ഷമില്ലായിരുന്നു. പിന്നീട് നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫ് ഭരണത്തിലെത്തിയത്.

കടപ്രയിൽ യു.ഡി.എഫോ ?

കടപ്ര പഞ്ചായത്തിലും ഒരു മുന്നണിക്കും ഭൂരിപക്ഷമില്ല. 15 അംഗങ്ങളുള്ള പഞ്ചായത്തിൽ കേവലഭൂരിപക്ഷത്തിന് 8 അംഗങ്ങൾ വേണം. യു.ഡി.എഫിന് ഏഴ് അംഗങ്ങളുണ്ട്. ഒരാളുടെ പിന്തുണകൂടി ലഭിച്ചാൽ ഭരണം തിരിച്ചുപിടിക്കാം. ഒന്നാംവാർഡിൽ വിമതയായി മത്സരിച്ച സൂസമ്മ പൗലോസിന്റെ പിന്തുണ ലഭിച്ചാൽ ഭൂരിപക്ഷമാകും. എന്നാൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട സൂസമ്മയുടെ പിന്തുണ സ്വീകരിക്കുന്നതിനെ പാർട്ടിയിലെ ചിലർ എതിർക്കുന്നു. എൽ.ഡി.എഫിന് അഞ്ചും ബി.ജെ.പിക്ക് രണ്ടും അംഗങ്ങളുമുണ്ട്. സ്വതന്ത്രരെ പിന്തുണച്ചാലും എൽ.ഡി.എഫിന് ഭരണം കിട്ടാത്ത സാഹചര്യത്തിൽ വോട്ടെടുപ്പിൽ നിന്ന് ബി.ജെ.പി വിട്ടുനിന്നാൽ യു.ഡി.എഫിന് ഭരണത്തിലേറാവുന്ന സാഹചര്യവും നിലനിൽക്കുന്നു. പഞ്ചായത്തു പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമാണ്. 6, 7 വാർഡുകളാണ് പട്ടികജാതി സംവരണം. ആറാം വാർഡിൽ എൽ.ഡി.എഫും ഏഴാം വാർഡിൽ യു.ഡി.എഫുമാണ് വിജയിച്ചത്. യുഡിഎഫിനു ഭരണം ലഭിച്ചാൽ നിഷ അശോകൻ പ്രസിഡന്റാകാനാണ് സാദ്ധ്യത. ഏറെക്കാലമായി എൽ.ഡി.എഫിന്റെ കോട്ടയായി സൂക്ഷിച്ചിരുന്ന കടപ്രയിൽ ഇത്തവണ സ്ഥിതി മാറിമറിഞ്ഞു.

സ്വതന്ത്രർ നിർണായകം

നിരണം പഞ്ചായത്തിലും ഇത്തവണ മുന്നണികൾക്ക് ഭൂരിപക്ഷമില്ല. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ 5 സീറ്റുവീതം നേടി തുല്യരായി. 13 വാർഡുകളുള്ള ഇവിടെ രണ്ട് സ്വതന്ത്രരും വിജയിച്ചു. ഭരണം പിടിക്കാൻ ഇവരുടെ പിന്തുണ ഇരുമുന്നണിക്കും ആവശ്യമാണ്. ഇടതു,വലതു മുന്നണി വിമതരായി മത്സരിച്ചവരാണ് ഇവർ രണ്ടുപേരും. നാലാം വാർ‌ഡിൽ നിന്ന് വിജയിച്ച അന്നമ്മ ജോർജ്, അഞ്ചാം വാർഡിൽ നിന്ന് ജയിച്ച മെറീന ജോർജ്ജ് എന്നിവരാണ് സ്വതന്ത്രർ. ഇവരെ കൂടാതെ എൻ.ഡി.എ സ്വതന്ത്രൻ എം.ജി. രവിയും വിജയിച്ചിട്ടുണ്ട്. എൽ.ഡി.എഫിന് ഏഴുപേരുടെ പിന്തുണ ഉറപ്പാക്കിയാൽ ഭരണം നിലനിറുത്താം. അതേസമയം സ്വതന്ത്രരുടെ നിലപാട് നിർണായകമാണ്. യു.ഡി.എഫിനൊപ്പം ചേരാനും ചില സ്വതന്ത്രർ നീക്കം തുടങ്ങിയിട്ടുണ്ട്.