പത്തനംതിട്ട : കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന കർഷകരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഗാന്ധിസ്‌ക്വയറിൽ ഐക്യദാർഢ്യ സംഗമവും സംഘ ചിത്രരചനയും നടത്തി. പ്രമുഖ ബാലസാഹിത്യകാരനും പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ സെക്രട്ടറിയുമായ റജി മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ കർഷകരുടെയും സാധാരണക്കാരുടെയും ജീവിതത്തെ തകർക്കുന്ന നയങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദില്ലി ചലോ കർഷകസമര ഐക്യദാർഢ്യ സമിതി കൺവീനർ ജോർജ് മാത്യു കൊടുമൺ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ ചിത്രകാരനും സാമൂഹ്യ പ്രവർത്തകനുമായ ആർ പാർത്ഥസാർഥി വർമ്മ സംഘ ചിത്രരചന ഉദ്ഘാടനം ചെയ്തു. കെ.ജി അനിൽകുമാർ, ആർ.പ്രകാശം, സതീഷ് പറക്കോട്, ബിനു ബേബി, എം.കെ വിധു, അനഘ അനിൽ, മൂന്നാം ക്ലാസുകാരൻ നിഹാർ ബി.എൽ തുടങ്ങിയവർ ചിത്രങ്ങളിലൂടെ കർഷകർക്ക് ഐക്യദാർഢ്യമർപ്പിച്ചു.