തിരുവല്ല: പ്രഭാത സവാരിക്കിറങ്ങിയ റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ രണ്ടുപേരെ കൊലപ്പെടുത്താൻ ശ്രമിച്ചവർ സഞ്ചരിച്ച കാർ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തി. നെടുമ്പ്രം അന്തിച്ചന്തയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ നിന്നാണ് കെ.എൽ. 26 എ 3353 രജിസ്‌ട്രേഷനുള്ള കാർ ഇന്നലെ കണ്ടെത്തിയത്. അക്രമിസംഘം ബുധനാഴ്ച പാരിപ്പള്ളിയിൽ നിന്ന് മോഷ്ടിച്ച കാറാണിതെന്ന് അന്വേഷണത്തിൽ വ്യക്തമായി. റിട്ട.പോലീസ് ഉദ്യോസ്ഥനും കാവുംഭാഗം സ്വദേശിയുമായ രാജൻ, പെരിങ്ങര സ്വദേശി മുരളീധരക്കുറുപ്പ് എന്നിവർക്ക് നേരെയാണ് വ്യാഴാഴ്ച പുലർച്ചെ കാറിൽ സഞ്ചരിച്ച സംഘം വടിവാൾ ഉപയോഗിച്ചുള്ള ആക്രമണശ്രമം നടത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തുന്ന നാലംഗ സംഘത്തിലെ മൂന്നുപേർ തിങ്കളാഴ്ച എറണാകുളത്ത് പൊലീസിന്റെ പിടിയിലായിരുന്നു. പോലീസിന്റെ വലയിൽനിന്ന് രക്ഷപ്പെട്ട നാലാമനാണ് പാരിപ്പള്ളിയിൽ നിന്ന് കാർ മോഷ്ടിച്ചതെന്നും തിരുവല്ലയിൽ ആക്രമണം നടത്തിയതെന്നും പൊലിസ് പറഞ്ഞു. ഇയാൾക്കൊപ്പം ഒരു സ്ത്രീയും ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പെട്രോൾ തീർന്നതാണ് കാർ നെടുമ്പ്രത്ത് ഉപേക്ഷിക്കാൻ ഇടയാക്കിയത്. കാർ ഉപേക്ഷിച്ച സംഘം നെടുമ്പ്രത്ത് നിന്ന് പൾസർ ബൈക്കും മൊബൈൽ ഫോണും മോഷ്ടിച്ചാണ് കടന്നത്.കാർ തിരുവല്ല പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രക്ഷപെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും പ്രതികൾ ഉടൻ പിടിയിലാകുമെന്നും ഡിവൈ.എസ്.പി ടി. രാജപ്പൻ പറഞ്ഞു.